ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവ്; യുവാവിനെ പൊലീസ് രക്ഷിച്ചത് തലനാരിഴയ്ക്ക് 

അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് യുവാവ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വിഡിയോ ഫേസ്ബുക്ക് ലൈവില്‍ കാണിച്ച യുവാവിനെ ഡല്‍ഹി പൊലീസ് രക്ഷിച്ചത് തലനാരിഴയ്ക്ക്. യുഎസ്സിലെ ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൃത്യസമയത്ത് ഇടപെട്ടതുമൂലമാണ് 39കാരന്റെ ജീവന്‍ രക്ഷിക്കാനായത്. അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് യുവാവ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. 

2016ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. അയല്‍ക്കാരുമായി തര്‍ക്കത്തിലായതോടെയാണ് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഇയാള്‍ എടുത്തത്. ഇത് ഫേസ്ബുക്കില്‍ ലൈവായി കാണിക്കുകയായിരുന്നു ലക്ഷ്യം. പുലര്‍ച്ചെ ഒരുമണിയോടെയാണ് ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച പൊലീസ് യുവാവിന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി. 

ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് ഇയാളുടെ വീട്ടിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ രക്തമൊലിച്ച് അപകടാവസ്ഥയിലായിരുന്നു യുവാവ്. യുവാവിനെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് എയിംസിലേക്ക് മാറ്റുകയുമായിരുന്നു. യുവാവ് അപകടനില തരണം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com