ദീപാവലിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്

രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതല്‍ പേര്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതല്‍ പേര്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മരണനിരക്ക് റെക്കോര്‍ഡ് തലത്തില്‍ വരെ ഉയരാം. മൂന്ന് മാസത്തെ ചികിത്സയ്ക്കിടെ മരണനിരക്ക് 46 ശതമാനം വരെ ഉയരാമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കോവിഡ് അതിതീവ്ര വ്യാപനത്തിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. രോഗം വരുന്നവരില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. അതിനിടെ, സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ദീപാവലിക്ക് ശേഷം ബ്ലാക്ക് ഫംഗസ് ബാധയേറ്റവരില്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തല്‍. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 287 ബ്ലാക്ക് ഫംഗസ് രോഗികളിലാണ് പഠനം നടത്തിയത്. ന്യൂഡല്‍ഹിയിലെ എയിംസ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ രോഗികളെയാണ്് പഠനവിധേയമാക്കിയത്. 

287 രോഗികളില്‍ ഭൂരിഭാഗം പേര്‍ക്ക് കോവിഡിന് ശേഷമാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടായത്. 187 രോഗികളും ഈ ഗണത്തില്‍പ്പെട്ടതാണ്. പഠനത്തിന് വിധേയമാക്കിയ വിവിധ ആശുപത്രികളില്‍ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത് 0.3 ശതമാനമാണ്. 2019നെ അപേക്ഷിച്ച് ബ്ലാക്ക് ഫംഗസ് കേസുകളില്‍ രണ്ടു മടങ്ങിന്റെ വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 112ല്‍ നിന്ന് 231 ആയാണ് വര്‍ധിച്ചത്. 

നിലവില്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ രോഗികളില്‍ മരണനിരക്ക് 38 ശതമാനമാണ്. ആറാഴ്ചയ്ക്കിടെയാണ് ഈ മരണനിരക്ക്. എന്നാല്‍ 12 ആഴ്ച കൊണ്ട് ഇത് 46 ശതമാനമായി ഉയരുമെന്നാണ് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് കാരണമല്ലാതെ ബ്ലാക്ക് ഫംഗസ് ബാധയേറ്റവര്‍ക്കും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com