വാക്‌സിന്‍ നയത്തില്‍ മാറ്റം വരുന്നു; കേന്ദ്രീകൃത സംഭരണം പരിഗണനയില്‍, കൂടുതല്‍ തുകയെന്ന് നിര്‍മ്മല സീതാരാമന്‍

വാക്‌സിന്‍ സംഭരണവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
നിര്‍മല സീതാരാമന്‍/ഫയല്‍
നിര്‍മല സീതാരാമന്‍/ഫയല്‍

ന്യൂഡല്‍ഹി: വാക്‌സിന്‍ സംഭരണവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രീകൃത വാക്‌സിന്‍ സംഭരണം എന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആവശ്യമായി വന്നാല്‍ കൂടുതല്‍ പണം ഇതിനായി നീക്കിവെയ്ക്കുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും സൗജന്യമായി കോവിഡ്‌ വാക്‌സിന്‍ നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ സംസ്ഥാനം പണം കൊടുത്തു വാങ്ങണമെന്നാണ് നിര്‍ദേശം. ഇതിനായി ആഗോള ടെന്‍ഡര്‍ വരെ വിളിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമം തുടരുകയാണ്. അതിനിടെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്‌സിന്‍ നല്‍കില്ല എന്നാണ് ചില ആഗോള വാക്‌സിന്‍ കമ്പനികള്‍ അറിയിച്ചത്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം വാക്‌സിന്‍ സംഭരിക്കാന്‍ തയ്യാറാവണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രീകൃത വാക്‌സിന്‍ സംഭരണം എന്ന നിര്‍ദേശം പരിഗണിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാക്‌സിന്‍ കേന്ദ്രം സംഭരിക്കണമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരുകളുടെ മുഖ്യ ആവശ്യം. സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നതിന്റെ ഭാഗമായി ഇത് പരിശോധിക്കുമെന്ന്് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ന്യായമായ വിലയ്ക്ക് സംഭരിച്ച് വാക്‌സിന്‍ നല്‍കികൂടേയെന്ന് കേന്ദ്രത്തോട് കഴിഞ്ഞദിവസം സുപ്രീംകോടതി ചോദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com