സുപ്രീം കോടതി കണ്ണുരുട്ടി, സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ എതിര്‍ത്തു; വാക്സിന്‍ നയം തിരുത്തി മോദി

രാജ്യവ്യാപകമായി ഉയര്‍ന്ന പതിഷേധങ്ങള്‍ക്ക് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നയം മാറ്റിയിരിക്കുന്നത്. ജൂണ്‍ 21മുതല്‍ പതിനെട്ടു കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. 

വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുവാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. വാക്സിന്റെ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.

വാക്‌സിന്‍ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ ഇത്തരത്തിലൊരു വാക്‌സിന്‍ നയത്തിലെത്തിയെന്ന് സകല രേഖകളും സഹിതം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 

നിലവിലുള്ള വാക്സിന്‍ നയം ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.  'നിലവില്‍ രണ്ടു മരുന്നു നിര്‍മ്മാതാക്കള്‍ വ്യത്യസ്ത നിരക്കിലുള്ള വാക്സിന്‍ വില പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന് കുറഞ്ഞ വിലയാണ്. സംസ്ഥാനങ്ങള്‍ കൂടിയ വില നല്‍കി വാങ്ങണം. മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മരുന്നുനിര്‍മ്മാതാക്കളുമായി സമയവായത്തില്‍ എത്തേണ്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരുകള്‍. വാക്സിന്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ 18നും 44നും ഇടയിലുള്ളവര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക' എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണ് വാക്സിന്‍ നയത്തിലുള്ളത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ല. എല്ലാവരും നേരിടുന്നത് സമാനമായ പ്രശ്നങ്ങളാണ്. 45 വയസിന് മുകളിലുള്ളവര്‍ക്ക് കേന്ദ്രം വാക്സിന്‍ സൗജന്യമായി നല്‍കുമ്പോള്‍ 18നും 45നും ഇടയില്‍ പ്രായമായവരുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയാം. വാണിജ്യ അടിസ്ഥാനത്തില്‍ വാക്സിന്‍ കാര്യത്തില്‍ സമവായത്തിന് സംസ്ഥാനം ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിന് എതിരെ രംഗത്തുവന്നിരുന്നു. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കി വരികയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അടക്കമുള്ള നേതാക്കള്‍ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയ്.  വാക്‌സിന്‍ വിതരണത്തിന് ഒരുമിച്ച് നില്‍ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്‌സിന്‍ നയം തിരുത്തണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com