സുപ്രീംകോടതി ഇടപെടലിന് മുന്‍പ് തന്നെ വാക്‌സിന്‍ സൗജന്യമാക്കാന്‍ ആലോചിച്ചിരുന്നു; 74 കോടി ഡോസുകള്‍ ഉടന്‍ സംഭരിക്കുമെന്ന് കേന്ദ്രം 

സുപ്രീംകോടതി ഇടപെടലിന് മുന്‍പ് തന്നെ വാക്‌സിന്‍ നയം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍
നീതി ആയോഗ് അംഗം ഡോ വി കെ പോള്‍
നീതി ആയോഗ് അംഗം ഡോ വി കെ പോള്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ഇടപെടലിന് മുന്‍പ് തന്നെ വാക്‌സിന്‍ നയം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍. മെയ് ഒന്നുമുതല്‍ തന്നെ വികേന്ദ്രീകൃത വാക്‌സിന്‍ നയം നടപ്പാക്കുന്നതിനെ കുറിച്ച് പുനഃപരിശോധന ആരംഭിച്ചിരുന്നു. എന്നാല്‍ സുപ്രധാന തീരുമാനം എടുക്കാന്‍ സമയമെടുക്കുമെന്ന് പുതിയ വാക്‌സിന്‍ നയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിന് നയത്തില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.

വിവിധ തദ്ദേശീയ മരുന്ന് കമ്പനികള്‍ക്ക്  74 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രമുഖ മരുന്ന് കമ്പനിയായ ബയോളജിക്കല്‍ ഇയില്‍ നിന്ന് 30 കോടി വാക്‌സിനാണ് വാങ്ങുന്നത്. സെപ്റ്റംബറില്‍ വാക്‌സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്‌സിനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ബയോളജിക്കല്‍ ഇയുടെ വാക്‌സിനായ കോര്‍ബേവാക്‌സിന്റെ വില കമ്പനി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. വില നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കമ്പനിക്ക് സാമ്പത്തിക സഹായം നല്‍കുന്നത് കൊണ്ട് വിലയില്‍ അത് പ്രതിഫലിക്കുമെന്നും വി കെ പോള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

25 കോടി കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ 19 കോടി ഡോസ് വാങ്ങാന്‍ ഭാരത് ബയോടെക്കിനും ഓര്‍ഡര്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com