സൗജന്യ വാക്‌സിന് ചെലവ്‌ 50,000 കോടി; ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് സംഭരിക്കുമെന്ന് കേന്ദ്രം

എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 50,000 കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്
വാക്‌സിനേഷന്‍, പിടിഐ: ഫയല്‍ ചിത്രം
വാക്‌സിനേഷന്‍, പിടിഐ: ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 50,000 കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമാക്കി പുതുക്കിയ വാക്‌സിന്‍ നയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തിയത്. നേരത്തെ 18 നും 44നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ പണം നല്‍കി വാങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നയം. ഇതാണ് എല്ലാവര്‍ക്കും സൗജന്യം എന്ന നിലയില്‍ തിരുത്തിയത്. 18 വയസിന് മുകളിലുളള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ 50000 കോടി രൂപ വേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

പുതുക്കിയ വാക്‌സിന്‍ നയം അനുസരിച്ച് വാക്‌സിന്‍ സംഭരണം ഇനി കേന്ദ്രത്തിന്റെ ചുമതലയാണ്. വാക്‌സിന്‍ സംഭരിക്കാന്‍ നിലവില്‍ ആവശ്യത്തിന് ഫണ്ട് ഉണ്ടെന്ന് ധനകാര്യമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തന്നെ അധിക ഗ്രാന്റിന്റെ ആവശ്യമില്ല. വാക്‌സിന്‍ ആവശ്യത്തിന് വിദേശ വാക്‌സിനുകളെ കൂടുതലായി കേന്ദ്രസര്‍ക്കാര്‍ ആശ്രയിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ കമ്പനികളായ ഭാരത് ബയോടെക്ക്, സിറം, ബയോ ഇ എന്നി കമ്പനികളില്‍ നിന്ന് കൂടുതലായി വാക്‌സിന്‍ സംഭരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ സംഭരിച്ച് കൂടുതല്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com