ഓക്‌സിജന്‍ കിട്ടാനില്ല, ആരെല്ലാം അതിജീവിക്കും എന്ന് അറിയാന്‍ 'മോക് ഡ്രില്‍'; 22 രോഗികള്‍ മരിച്ചതായി ആശുപത്രിയുടമയുടെ ഓഡിയോ, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2021 11:50 AM  |  

Last Updated: 08th June 2021 11:50 AM  |   A+A-   |  

oxygen shortage in india

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഓക്സിജന്‍ മോക് ഡ്രില്ലിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് ബാധിതരുള്‍പ്പെടെ 22 രോഗികള്‍ മരിച്ചതായി ആശുപത്രി ഉടമയുടെ ഓഡിയോ പുറത്ത്. സംഭവം വിവാദമായതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

കോവിഡ് വ്യാപനം അതിരൂക്ഷമായി നേരിടുന്ന ഏപ്രില്‍ മാസം 27ന് ഓക്‌സിജന്‍ മോക് ഡ്രില്‍ നടത്തി എന്ന ആഗ്ര സ്വകാര്യ ആശുപത്രിയുടമയുടെ സംഭാഷണമാണ് പുറത്തുവന്നത്. രാവിലെ അഞ്ച് മിനിറ്റ് നേരത്തേക്ക് ഓക്സിജന്‍ നല്‍കുന്നത് നിര്‍ത്തി വെച്ച് നടത്തിയ മോക് ഡ്രില്ലിനിടെയാണ് 22 രോഗികള്‍ മരിച്ചതെന്നാണ് ഉടമയുടെ വെളിപ്പെടുത്തല്‍.  ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായുള്ള ഉടമയുടെ അവകാശവാദത്തിനിടെയാണ് വിവാദ സംഭാഷണം.

മുഖ്യമന്ത്രിക്ക് പോലും ഓക്‌സിജന്‍ ലഭിക്കുന്നില്ല. അതിനാല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത് ആരംഭിക്കാനാണ് നിര്‍ദേശം ലഭിച്ചതെന്ന് പരാസ് ആശുപത്രി ഉടമ പറയുന്നു. ചികിത്സാകേന്ദ്രത്തില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെട്ടതായും മോദിനഗറില്‍ എവിടെയും ഓക്സിജന്‍ ലഭ്യമാകാതിരുന്നതിനാലും ചികിത്സയിലുള്ള രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിലേക്ക് മാറ്റാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. പലരും ആശുപത്രി വിട്ടുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആരെല്ലാം മരിക്കുമെന്നും ആരെല്ലാം അതിജീവിക്കുമെന്നും കണ്ടെത്താനായി മോക് ഡ്രില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ആശുപത്രി ഉടമ പറയുന്നു.

'രാവിലെ ഏഴ് മണിക്ക് ഓക്സിജന്‍ നല്‍കുന്നത് നിര്‍ത്തി. 22 രോഗികള്‍ക്ക് ശ്വാസതടസ്സം നേരിടുകയും അവരുടെ ശരീരം നീലനിറമാകുകയും ചെയ്തു. ഓക്സിജനില്ലെങ്കില്‍ ഈ രോഗികളും മരിക്കുമെന്നുറപ്പായി. തീവ്രപരിചരണവിഭാഗത്തില്‍ അവശേഷിച്ച 74 രോഗികളുടെ ബന്ധുക്കളോട് ഓക്സിജന്‍ സിലിണ്ടറെത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു'- ആശുപത്രിയുടമയുടെ വാക്കുകള്‍. 

ഗുരുതരരോഗികളെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മോക് ഡ്രില്‍ നടത്തിയതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും വീഡിയോ വന്‍തോതില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അരിഞ്ജയ് ജെയിന്‍ വിശദീകരണവുമായെത്തുകയും ചെയ്തു. നാല് കോവിഡ് രോഗികള്‍ ഏപ്രില്‍ 26 ന് മരിക്കുകയും മൂന്ന് പേര്‍ അടുത്ത ദിവസം മരിക്കുകയും ചെയ്തെന്നാണ് ജെയിനിന്റെ പുതിയ വിശദീകരണം. മരിച്ചവരുടെ കൃത്യമായ എണ്ണം അറിയില്ലെന്നും ജെയിന്‍ പറയുന്നു. 

ഓക്സിജന്‍ നിര്‍ത്തലാക്കി നടത്തിയ പരീക്ഷണം മനുഷ്യത്വരഹിതമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിച്ചതായി ആഗ്ര ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ സി പാണ്ഡെ അറിയിച്ചു.