റെയില്‍വെയ്ക്ക് 5ജി സ്‌പെക്ട്രം; ട്രെയിനുകളില്‍ സുരക്ഷ കൂടും, അതിവേഗ ആശയവിനിമയം, പദ്ധതിയുമായി കേന്ദ്രം

ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനുമായി റെയില്‍വെയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനുമായി റെയില്‍വെയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. പദ്ധതിയിലൂടെ രാജ്യത്തുടനീളം ട്രെയിനുകളിലും സ്റ്റേഷനുകളിലും പൊതുജന സുരക്ഷയും സുരക്ഷാ സംവിധാനങ്ങളും വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതിയ സ്‌പെക്ട്രം ഉപയോഗിച്ച് പാതകളില്‍ മൊബൈല്‍ ട്രെയിന്‍ റേഡിയോ കമ്മ്യൂണിക്കേഷനിലൂടെ ആശയവിനിമയം സാധ്യമാക്കാനാണ് റെയില്‍വെ ഉദ്ദേശിക്കുന്നത്. പദ്ധതിക്കായി ഏകദേശം 25,000 കോടി രൂപയിലേറെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതുവരെ ഇന്ത്യന്‍ റെയില്‍വേ ഒപ്റ്റിക്കല്‍ ഫൈബറുകളാണ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നതെങ്കിലും ആധുനിക സ്‌പെക്ട്രം റെയില്‍വെയിലേക്ക് റേഡിയോ ആശയവിനിമയം കൊണ്ടുവരും. ഇതിലൂടെ തത്സമയ ആശയവിനിമയം സാധ്യമാകും. ഇത് സുരക്ഷ വര്‍ധിപ്പിക്കുകയും റെയില്‍വേയെ മാറ്റിമറിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അപകടം ഒഴിവാക്കാന്‍ നൂതന ടി.സി.എ.എസ് (ട്രെയിന്‍ കൊളിഷന്‍ അവോയിഡന്‍സ് സിസ്റ്റം) സംവിധാനത്തിനും റെയില്‍വെ അനുമതി നല്‍കി. തദ്ദേശീയമായി നിര്‍മിച്ച എടിപി (ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍) സംവിധാനമാണിത്. ഇതിലൂടെ ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനാകും. റെയില്‍വേ ട്രാക്കുകളിലെ അപകടം കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനുമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com