കോവിഡിന് പ്രതിവിധി?, ആന്റിബോഡി മിശ്രിതത്തിന്റെ പരീക്ഷണം വിജയകരം, 12 മണിക്കൂറിനുള്ളില്‍ രോഗി ആശുപത്രി വിട്ടു 

കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ചെടുത്ത ആന്റിബോഡി മിശ്രിതത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ചെടുത്ത ആന്റിബോഡി മിശ്രിതത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ച രണ്ടു രോഗികളുടെ ചികിത്സയ്ക്ക് ആന്റിബോഡി മിശ്രിതം ഉപയോഗിച്ചപ്പോള്‍ മികച്ച ഫലം ലഭിച്ചതായി ന്യൂഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രി പറഞ്ഞു. മരുന്ന് നല്‍കി പന്ത്രണ്ട് മണിക്കൂറിനകം തന്നെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് ചികിത്സയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് കരുതുന്ന ആന്റിബോഡി മിശ്രിതത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന്് സീനിയര്‍ കണ്‍സള്‍ട്ടന്റ് പൂജ ഖോസ്ല പറയുന്നു. കോവിഡ് സ്ഥിരീകരിച്ച് ഏഴുദിവസത്തിനകം അതിവേഗത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു രോഗികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. ചികിത്സ ഫലപ്രദമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചികിത്സയ്ക്ക് ശേഷം 12 മണിക്കൂറിനകം രോഗിയുടെ ആരോഗ്യനിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതായി ഡോക്ടര്‍ പറയുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതാണ് ചികിത്സാരീതി. വെളുത്ത രക്താണുക്കളെ ക്ലോണ്‍ ചെയ്തെടുത്താണ് ഈ ആന്റിബോഡി മിശ്രിതം നിര്‍മ്മിക്കുന്നത്. 

ആശുപത്രിവാസം കുറയ്ക്കാന്‍  ഈ ചികിത്സാരീതി സഹായകമാകുമെന്നാണ് വിലയിരുത്തല്‍. സ്റ്റിറോയിഡിന്റെ ഉപയോഗം കുറയ്ക്കാനും ഈ ചികിത്സാരീതി വഴി സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്ലാക്ക് ഫംഗസ് പോലെ കോവിഡാനന്തരം വരുന്ന രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും ഇതുവഴി സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പനി, ചുമ, തുടങ്ങിയ ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. 12 മണിക്കൂറിനുള്ളില്‍ ആരോഗ്യനില മെച്ചപ്പെട്ട് രോഗികള്‍ ആശുപത്രി വിട്ടതായി ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com