യുപിയില്‍ യോഗിക്കൊപ്പം ഇനി ജിതിന്‍ പ്രസാദയും; മന്ത്രിസഭാ അഴിച്ചുപണി ഉടന്‍

ഉത്തര്‍പ്രദേശില്‍ ഭരണതലത്തില്‍ അഴിച്ചുപണിയുണ്ടാവുമെന്ന സൂചനകള്‍ക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി
ജിതിന്‍ പ്രസാദ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍/'ട്വിറ്റര്‍
ജിതിന്‍ പ്രസാദ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍/'ട്വിറ്റര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഭരണതലത്തില്‍ അഴിച്ചുപണിയുണ്ടാവുമെന്ന സൂചനകള്‍ക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട ആദിത്യനാഥ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയെയും സന്ദര്‍ശിച്ചു. മന്ത്രിസഭാ പുനസംഘടന ചര്‍ച്ചയില്‍ വിഷയമായതാണ് സൂചന.

ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് ഈ മാസം ആദ്യം ലക്‌നൗവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യോഗി ഡല്‍ഹിയില്‍ എത്തി നേതാക്കളെ കണ്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നേതൃത്വം കരുക്കള്‍ നീക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. യോഗിയുടെ ഭരണം സംസ്ഥാനത്ത് വലിയൊരു വിഭാഗത്തില്‍ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. ബ്രാഹ്മണര്‍ ആണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയെ സുപ്രധാന പദവിയില്‍ കൊണ്ടുവരുന്നതിലൂടെ ബ്രാഹ്മണരെ തൃപ്തിപ്പെടുത്താനാവുമെന്നും പാര്‍ട്ടി കരുതുന്നു. ജിതിന്‍ പ്രസാദയെ ഉള്‍പ്പെടുത്തിക്കൊണ്ട്, സംസ്ഥാനത്ത് മന്ത്രിസഭാ അഴിച്ചുപണിക്കാണ് ബിജെപി നീക്കം നടത്തുന്നത്.

മോദിയുടെ വിശ്വസ്തനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എകെ ശര്‍മയ്ക്കും ഭരണതലത്തില്‍ സുപ്രധാന പദവി ലഭിച്ചേക്കും. നിലവില്‍ യുപി നിയമസഭാ കൗണ്‍സില്‍ അംഗമാണ് ശര്‍മ. 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആദിത്യനാഥ് ഡല്‍ഹിയില്‍ എത്തിയത്. യോഗി ലക്‌നൗവില്‍ തിരിച്ചെത്തിയ ശേഷം പുനസംഘടനയുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകളുണ്ടാവുമെന്നാണ് അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com