'ഒരാള്‍ക്കും അവിടെ നില്‍ക്കാനാവില്ല' ; ബിജെപി വിട്ട് മുകുള്‍ റോയ് തൃണമൂലില്‍ 

മുകുള്‍ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്നും, പാര്‍ട്ടിയില്‍ അദ്ദേഹത്തിന് സുപ്രധാന ചുമതലയുണ്ടാകുമെന്നും മമത ബാനര്‍ജി
മുകുള്‍ റോയി / എഎന്‍ഐ ചിത്രം
മുകുള്‍ റോയി / എഎന്‍ഐ ചിത്രം

കൊല്‍ക്കത്ത : ബിജെപി നേതാവ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. കൊല്‍ക്കത്തയില്‍ പാര്‍ട്ടി ആസ്ഥാനത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് തൃണമൂലില്‍ ചേരുന്ന കാര്യം മുകുള്‍ റോയ് വ്യക്തമാക്കിയത്. മുകുള്‍ റോയിയെ മമത ബാനര്‍ജി സ്വാഗതം ചെയ്തു. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാള്‍ക്ക് പോലും ബിജെപിയില്‍ തുടരാനാകില്ലെന്ന് മുകുള്‍ റോയ് പറഞ്ഞു. പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയാണെന്നും മുകുള്‍ റോയ് പറഞ്ഞു.

മുകുള്‍ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്നും, പാര്‍ട്ടിയില്‍ അദ്ദേഹത്തിന് സുപ്രധാന ചുമതലയുണ്ടാകുമെന്നും മമത ബാനര്‍ജി പറഞ്ഞു. മുകുള്‍ റോയിയുടെ മകനും തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്. മമതയും മുകുള്‍ റോയിയുമായുള്ള കൂടിക്കാഴ്ചയില്‍ മമതയുടെ അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും സംബന്ധിച്ചിരുന്നു.

2017ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ്‌ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മമതയ്‌ക്കൊപ്പം മടങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി അപ്രതീക്ഷിതമായി അവരില്‍നിന്ന് അകന്ന് ബിജെപിയിലേക്ക് എത്തിയതാണ് മുകുള്‍ റോയിയുടെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണു വിലയിരുത്തല്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ചുക്കാന്‍ പിടിച്ച മുകുള്‍ റോയിയേക്കാള്‍ സുവേന്ദുവിന് ബിജെപി കൂടുതല്‍ പ്രാമുഖ്യം നല്‍കിയത് മുകുള്‍ റോയി ക്യാംപിനെ ചൊടിപ്പിച്ചിരുന്നു.

ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ്‌ പിന്നീട് ബംഗാളില്‍ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവാണ്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ റോയ് ഇത്തവണ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആവുകയും ചെയ്തിരുന്നു. മുകുള്‍ റോയിയുടെ ഭാര്യ കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുമ്പോള്‍ അഭിഷേക് ബാനര്‍ജി വിവരങ്ങൾ തിരക്കി ആശുപത്രിയിലെത്തുകയും മുകുള്‍ റോയിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com