370ാം വകുപ്പ് റദ്ദാക്കിയത് പുനഃപ്പരിശോധിക്കും; പ്രസ്താവനയിൽ വെട്ടിലായി ദിഗ്‌വിജയ് സിങ്; വിവാദം

370ാം വകുപ്പ് റദ്ദാക്കിയത് പുനഃപ്പരിശോധിക്കും; പ്രസ്താവനയിൽ വെട്ടിലായി ദിഗ്‌വിജയ് സിങ്; വിവാദം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പുനഃപ്പരിശോധിക്കുമെന്ന കോൺ​ഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ. ക്ലബ്ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ ഒരു പാകിസ്ഥാനി മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനു മറുപടിയായാണ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവന. 

കോൺഗ്രസ് അധികാരത്തിൽ വന്നാൽ 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പുനഃപ്പരിശോധിക്കുമെന്നയിരുന്നു അദ്ദേ​ഹത്തിന്റെ പ്രസ്താവന. നേതാക്കളെ ഉൾപ്പെടെ തടങ്കലിലാക്കി ജനാധിപത്യ വിരുദ്ധമായാണ് കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതെന്ന് അദ്ദേഹം ചർച്ചയിൽ പറഞ്ഞു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയത് വിഷമം ഉളവാക്കുന്നതാണെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇതു പുനഃപരിശോധിക്കുന്നതു പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ ദിഗ്‌വിജയ് സിങ്ങിന്റെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ ഈ മനോഭാവമാണ് കശ്മീരിൽ വിഘടന വാദത്തിന്റെ വിത്തുകൾ വിതയ്ക്കുകയും താഴ്‌വരയിൽ പാക്ക് രൂപകൽപ്പനയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കുറ്റപ്പെടുത്തി. ബിജെപി സോഷ്യൽ മീഡിയ ചീഫ് അമിത് മാളവ്യ ട്വീറ്റുചെയ്ത ക്ലബ്ഹൗസ് ചർച്ച പങ്കുവച്ചുകൊണ്ടായിരുന്നു ജിതേന്ദ്ര സിങ്ങിന്റെ ട്വീറ്റ്.

കോൺഗ്രസിന്റെ പേര് ഐഎൻസി എന്നതിൽനിന്ന് എഎൻസി (ആന്റി നാഷനൽ ക്ലബ്ഹൗസ്) എന്നാക്കി മാറ്റണമെന്നായിരുന്നു ബിജെപി ദേശീയ വക്താവ് സാംബിത് പത്രയുടെ വിമർശനം. കശ്മീരിലേക്ക് വിഘടന വാദികളെ തിരിച്ചുകൊണ്ടുവരുന്നതാണോ കോൺഗ്രസ് പുനഃപ്പരിശോധിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സിങ് ചോദിച്ചു.

വിമർശനങ്ങൾക്കു മറുപടിയുമായി ദിഗ്‌വിജയ് സിങ്ങും രംഗത്തെത്തി. ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും മോദി–ഷാ ഭരണകൂടത്തെ പുറത്താക്കാൻ ഓരോ ഇഞ്ചിലും പോരാടുമെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിലെ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com