ജ്യോതിരാദിത്യ, സോനോവാള്‍, സുശീല്‍ മോദി മന്ത്രിസഭയിലേക്ക്; പുനസംഘടന ഈ മാസം അവസാനത്തോടെ

കേരളത്തില്‍നിന്ന് ഇ ശ്രീധരന്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടെങ്കിലും ബിജെപി വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ സൂചനയൊന്നും നല്‍കുന്നില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ പുനസംഘടന ഈ മാസം അവസാനം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുപതോളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാവും പുനസംഘടനയെന്ന് ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിലവില്‍ മോദി മന്ത്രിസഭയില്‍ 60 അംഗങ്ങളാണ് ഉള്ളത്. ഇത് 79 വരെ ആവുമെന്നാണ് സൂചനകള്‍. കഴിഞ്ഞ രണ്ടാഴ്ചയായി പുനസംഘടനാ ചര്‍ച്ചകളിലാണ് ബിജെപി നേതൃത്വം. ഇതിനായി മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതു തുടരുകയാണ്. പ്രധാനമന്ത്രിക്കു പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഢ എന്നിവരാണ് മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്.

മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത് പാണ്ഡ തുടങ്ങിയവര്‍ മന്ത്രിസഭയില്‍ ഇടംനേടുമെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജെഡിയു അംഗങ്ങളും പുനസംഘടനയിലൂടെ മന്ത്രിസഭയില്‍ എത്തും.

നിലവിലെ മന്ത്രിമാരില്‍ ആരെയെങ്കിലും ഒഴിവാക്കുന്നതു സംബന്ധിച്ച് സൂചനകളില്ല. എന്നാല്‍ വകുപ്പുകളില്‍ മാറ്റമുണ്ടായേക്കും. കേരളത്തില്‍നിന്ന് ഇ ശ്രീധരന്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടെങ്കിലും ബിജെപി വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ സൂചനയൊന്നും നല്‍കുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com