ജീവന് ഭീഷണിയെന്ന് പരാതി; പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, അപകടമരണമെന്ന് യുപി പൊലീസ്  

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സുലഭ് ശ്രീവാസ്തവ/ ട്വിറ്റര്‍
സുലഭ് ശ്രീവാസ്തവ/ ട്വിറ്റര്‍




ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സുലഭ് ശ്രീവാസ്തവയെയാണ് ബൈക്കില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യമാഫിയക്കെതിരേ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുലഭ് പൊലീസില്‍ പരാതി നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ് മരണം.

ഞായറാഴ്ച രാത്രി 11 മണിയോടെ വാര്‍ത്തശേഖരിച്ച് മടങ്ങിവരുന്നനിടയില്‍ മോട്ടോര്‍ ബൈക്കില്‍ നിന്ന് വീണ് സുലഭ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഒരു ഇഷ്ടിക ചൂളയ്ക്ക് സമീപം വീണുകിടന്ന സുലഭിനെ ചൂളയിലെ തൊഴിലാളികളാണ് കണ്ടത്. ഇവര്‍ സുലഭിന്റെ ഫോണില്‍ നിന്ന് നമ്പറെടുത്ത് സുഹൃത്തുക്കളെ വിവരമറിയിച്ചു. ആംബുലന്‍സ് വിളിച്ചുവരുത്തുകയും ചെയ്തു. സുലഭിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ബൈക്കില്‍ സുലഭ് തനിച്ചാണ് യാത്ര ചെയ്തതെന്നും ഹാന്‍ഡ് പമ്പിലിടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. -പ്രതാപ്ഗഡിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ സുരേന്ദ്ര ദ്വിവേദി പറഞ്ഞു.

എന്നാല്‍ സുലഭിന്റെ മരണസമയത്തെ ചിത്രങ്ങളില്‍ ഇയാളുടെ മുഖത്ത് പരിക്കേറ്റതായി വ്യക്തമാണ്. തന്നെയുമല്ല വസ്ത്രങ്ങള്‍ ഊരിമാറ്റിയ നിലയിലുമാണ്. സുലഭിന് ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ജില്ലയിലെ മദ്യ മാഫിയക്കെതിരായ തന്റെ റിപ്പോര്‍ട്ട് ജൂണ്‍ ഒമ്പതിന് വന്നതുമുതല്‍ ഈ റിപ്പോര്‍ട്ടിനെ ചൊല്ലി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഒരിക്കല്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് പോലെ അനുഭവപ്പെട്ടുവെന്നുമാണ് പൊലീസിന് നല്‍കിയ കത്തില്‍ സുലഭ് എഴുതിയിരിക്കുന്നത്. മദ്യ മാഫിയ റിപ്പോര്‍ട്ടില്‍ അസന്തുഷ്ടരാണെന്നും ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും സോഴ്‌സുകള്‍ അറിയിച്ചതായും താനും കുടുംബവും വളരെയധികം ആശങ്കയിലാണെന്നും പൊലീസിന് നല്‍കിയ കത്തില്‍ ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. 'അലിഗഡ് മുതല്‍ പ്രതാപ്ഗഡ് വരെയുളള മുഴുവന്‍ പ്രദേശത്തും മരണം താണ്ഡവമാടുകയാണ്. എന്നാല്‍ യുപി സര്‍ക്കാര്‍ നിശബ്ദരാണ്. സത്യം വെളിയില്‍ കൊണ്ടുവരുന്നതിനായി അപകടരമായ ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ഉറങ്ങുകയാണ്.' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ജംഗിള്‍ രാജിനെ പ്രോത്സാഹിപ്പിക്കുന്ന യുപി സര്‍ക്കാരിന് മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവയുടെ കണ്ണീര്‍വാര്‍ക്കുന്ന കുടുംബത്തിന് എന്തെങ്കിലും മറുപടി നല്‍കാനുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com