രാജ്യദ്രോഹക്കേസ് : ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു

ടെലിവിഷന്‍ ചര്‍ച്ചയില്‍ ഭരണകൂട നടപടികളെ വിമര്‍ശിച്ചതിനാണ് ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്
ആയിഷ സുല്‍ത്താന/ ഫയല്‍ ചിത്രം
ആയിഷ സുല്‍ത്താന/ ഫയല്‍ ചിത്രം

കൊച്ചി : രാജ്യദ്രോഹക്കേസ് എടുത്തതിനെതിരെ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടിയാണ് ആയിഷ കോടതിയെ സമീപിച്ചത്. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ മുഖേനയാണ് ആയിഷ കോടതിയിൽ ഹർജി നൽകിയത്. ആയിഷ സുൽത്താനയുടെ ഹർജി കോടതി നാളെ പരി​ഗണിക്കും. 

തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്നും ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ടെലിവിഷന്‍ ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടർന്ന് മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. 

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഭരണകൂട നടപടികളെ വിമര്‍ശിച്ചതിനാണ് ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 

'ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത്' എന്നായിരുന്നു പരാമര്‍ശം. രാജ്യവിരുദ്ധമായ പ്രസ്താവനയാണ് ആയിഷ സുല്‍ത്താനയില്‍ നിന്നും ഉണ്ടായതെന്നാണ് ബിജെപി നേതാവ് പരാതിയില്‍ ആരോപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com