സർക്കാരിന്റെ പ്രവർത്തനം എങ്ങനെ? ബിജെപി എംപിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച; മന്ത്രിസഭാ പുനഃസംഘടന ചർച്ച

സർക്കാരിന്റെ പ്രവർത്തനം എങ്ങനെ? ബിജെപി എംപിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച; മന്ത്രിസഭാ പുനഃസംഘടന ചർച്ച
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുരോ​ഗമിക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ ബിജെപി എംപിമാരുമായി ചർച്ച നടത്തി. സർക്കാരിന്റെ പ്രവർത്തനം, കോവിഡ് സാഹചര്യം എന്നിവയിലും മറ്റു വിഷയങ്ങളിലും അഭിപ്രായം ആരായുന്നതിനാണ് ചർച്ച. 

കഴിഞ്ഞ ഒരാഴ്ചയായി കേന്ദ്ര മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി ചേർന്നു വെവ്വേറേ ചർച്ച നടത്തുന്നുണ്ട്. വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തലും പൊതുകാര്യങ്ങളും ചർച്ചയിലുണ്ട്. അതിനിടെയാണ് അമിത് ഷാ എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. 

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ 30ഓളം എംപിമാരാണ് ശനി, ഞായർ ദിവസങ്ങളിലായി അമിത് ഷായുടെ വസതിയിൽ എത്തിയത്. ചില മന്ത്രിമാരും ചർച്ചയ്ക്കായി എത്തി. രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നതിനു പിന്നാലെയാണ് നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിച്ചത്. ഓരോ എംപിമാരുടെയും മണ്ഡലങ്ങളിലെ കോവിഡ് സാഹചര്യം അവരുടെ പ്രവർത്തനം, ജനങ്ങളുടെ അഭിപ്രായം തുടങ്ങിയവ വിലയിരുത്തുന്നുണ്ട്. ഇതിനു ശേഷമായിരിക്കും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുക.

മന്ത്രിസഭയിൽ 28 ഒഴിവുകളാണുള്ളത്. നിലവിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ 21 മന്ത്രിമാർ, 9 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാർ, 23 സഹമന്ത്രിമാർ എന്നിങ്ങനെയാണ് കാബിനറ്റിലുള്ളത്. 

കഴിഞ്ഞ രണ്ട് വർഷമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്ന സംസ്ഥാനങ്ങൾക്കു പ്രാധാന്യം നൽകിയും സഖ്യകക്ഷികളിലെ രാഷ്ട്രീയ സംഘർഷങ്ങൾ പരിഹരിച്ചുമാകും മന്ത്രിസഭാ വികസനം. ബിഹാറിൽ നിന്ന് ജെഡിയു, എൽജെപി പാർട്ടികൾ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുണ്ട്. മധ്യപ്രദേശിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ, ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് തുടങ്ങിയവരും മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com