ഇനി ഗ്രാമങ്ങളില്‍ ഡ്രോണില്‍ വാക്‌സിന്‍ എത്തും; കുത്തിവയ്പ് വേഗത്തിലാക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍, താത്പര്യപത്രം ക്ഷണിച്ചു

കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് വേഗത്തിലാക്കാന്‍ രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെ വാക്‌സിന്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് വേഗത്തിലാക്കാന്‍ രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെ വാക്‌സിന്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി വിദൂര ഗ്രാമങ്ങളില്‍ വാക്‌സിനും മരുന്നും ഡ്രോണുകളുടെ സഹായത്തോടെ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബിഡ് ക്ഷണിച്ചു. 

ഡിസംബറോടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞദിവസം 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ആശങ്ക അറിയിച്ചിരുന്നു. സാങ്കേതികവിദ്യയുടെ പരിജ്ഞാനം കുറവുള്ളവര്‍ സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടല്‍ വഴി വാക്‌സിനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യുമെന്നാണ് കോടതി ചോദിച്ചത്. അതിനിടെയാണ് വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതിന്റെ വിവിധ സാധ്യതകള്‍ സര്‍ക്കാര്‍ തേടിയത്.

വിദൂര ഗ്രാമങ്ങളിലെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഐസിഎംആര്‍ സാധ്യത പഠനം നടത്തിയിരുന്നു. ഐഐടി കാന്‍പൂറുമായി സഹകരിച്ചായിരുന്നു സാധ്യത പഠനം പൂര്‍ത്തിയാക്കിയത്. ഡ്രോണുകള്‍ ഉപയോഗിച്ച് വാക്‌സിന്‍ വിതരണം വിജയകരമായി നടത്താന്‍ സാധിക്കുമെന്ന നിര്‍ദേശമാണ് ഐസിഎംആര്‍ മുന്നോട്ടുവച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.

ഐസിഎംആറിന് വേണ്ടി എച്ച്എല്‍എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡ് താത്പര്യപത്രം ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പൊതുസംഭരണവുമായി ബന്ധപ്പെട്ട പോര്‍ട്ടല്‍ വഴിയാണ് താത്പര്യപത്രം ക്ഷണിച്ചത്. വിദൂര ഗ്രാമങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വാക്‌സിനുകളും മരുന്നുകളും വിതരണം ചെയ്യാന്‍ കഴിവുള്ള ഏജന്‍സികളില്‍ നിന്നാണ് ഐസിഎംആര്‍ താത്പര്യപത്രം ക്ഷണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com