ലാന്‍ഡിങ്ങിനിടെ കണ്ണൂര്‍- ഹുബ്ലി വിമാനത്തിന്റെ ടയര്‍ പൊട്ടി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കര്‍ണാടകയില്‍ ലാന്‍ഡിങ്ങിനിടെ, ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടി
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

ബംഗളൂരു:  കര്‍ണാടകയില്‍ ലാന്‍ഡിങ്ങിനിടെ, ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടി. യാതൊരുവിധ പരിക്കുകളുമില്ലാതെ ജീവനക്കാരും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. 

തിങ്കളാഴ്ച വൈകീട്ട് കര്‍ണാടകയിലെ ഹുബ്ലി വിമാനത്താവളത്തിലാണ് സംഭവം. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-7979 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ ടയര്‍ പൊട്ടുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ക്കും തന്നെ ഒരുവിധത്തിലുമുള്ള പരിക്കുകളില്ല. അപകടത്തിന് പിന്നാലെ അറ്റകുറ്റപ്പണിക്കായി റണ്‍വേ താത്കാലികമായി അടച്ചിട്ടു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ആദ്യ ശ്രമത്തില്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച രാത്രി 8.03നാണ് വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ നിശ്ചയിച്ചിരുന്നത്.  രണ്ടാമത്തെ തവണ ലാന്‍ഡ് ചെയ്യിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടയര്‍ പൊട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. ഒരു നിമിഷം ജീവനക്കാരും യാത്രക്കാരും ഭയചകിതരായതായാണ് റിപ്പോര്‍ട്ടുകള്‍.

ഏഴു യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഠിനമായ ലാന്‍ഡിങ്ങിന് നിര്‍ബന്ധിതമായത് കൊണ്ടാണ് ടയര്‍ പൊട്ടിയതെന്ന് ഹുബ്ലി വിമാനത്താവളം ഡയറക്ടര്‍ പ്രമോദ് കുമാര്‍ പറയുന്നു. റണ്‍വേയില്‍ ഉടന്‍ തന്നെ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് വീണ്ടും തുറന്നുകൊടുത്തതായും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com