നോവാവാക്‌സ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കും; പുറത്തുവരുന്നത് പ്രതീക്ഷ നല്‍കുന്ന ഫലമെന്ന് കേന്ദ്രസര്‍ക്കാര്‍

അമേരിക്കയുടെ കോവിഡ് വാക്‌സിനായ നോവാവാക്‌സ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
നോവാവാക്‌സ്: ഫയല്‍/എഎഫ്പി
നോവാവാക്‌സ്: ഫയല്‍/എഎഫ്പി

ന്യൂഡല്‍ഹി: അമേരിക്കയുടെ കോവിഡ് വാക്‌സിനായ നോവാവാക്‌സ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നോവാവാക്‌സുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. കോവിഡിനെതിരെ കൂടുതല്‍ ഫലപ്രദമാണെന്നന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം പുരോഗമിക്കുകയാണെന്നും  കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതി അംഗം ഡോ വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നോവാവാക്‌സ് ഉല്‍പ്പാദിപ്പിക്കുക. കോവാവാക്‌സ് എന്ന പേരിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുക.

ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ പ്ലസ് വകഭേദത്തെ കുറിച്ച് പഠിച്ച് വരികയാണ്. ആശങ്കപ്പെടേണ്ട വകഭേദമാണ് എന്ന തരത്തില്‍ ഇതുവരെ തരംതിരിച്ചിട്ടില്ല. ആന്റിബോഡി മിശ്രിതം ഇതിന് ഫലപ്രദമല്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവയെല്ലാം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രണ്ടാംതരംഗത്തില്‍ ഡെല്‍റ്റ വകഭേദമാണ് സുപ്രധാന പങ്കുവഹിച്ചത്. എന്നാല്‍ നിലവില്‍ വൈറസ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ക്ലസ്റ്റര്‍ കേസുകള്‍ പൂര്‍ണമായി നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദത്തിനെതിരെയാണ് രാജ്യം പോരാടുന്നത്. അതുകൊണ്ട് തന്നെ അതീവജാഗ്രതയാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന കോവിഡ് കേസുകളില്‍ 85 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും ഉയരത്തില്‍ നിന്ന ദിവസങ്ങളെ അപേക്ഷിച്ചാണ് വ്യാപനത്തില്‍ കുറവുണ്ടായതെന്നും അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com