ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കേസ് നല്‍കിയതില്‍ പ്രതിഷേധം ; സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബിജെപിയെ ഒഴിവാക്കി

എ പി അബ്ദുള്ളക്കുട്ടിയുടെ ലക്ഷദ്വീപ് വിരുദ്ധ പരാമര്‍ശങ്ങളിലും ഫോറം പ്രതിഷേധം രേഖപ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കവറത്തി : സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബിജെപിയെ ഒഴിവാക്കി. ഫോറം കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടയിലെ പരാമര്‍ശത്തിന്റെ പേരില്‍ സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കേസ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നടപടി. 

ലക്ഷദ്വീപ് ബിജെപി പ്രഭാരി എ പി അബ്ദുള്ളക്കുട്ടിയുടെ ലക്ഷദ്വീപ് വിരുദ്ധ പരാമര്‍ശങ്ങളിലും ഫോറം പ്രതിഷേധം രേഖപ്പെടുത്തി. ആയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും രാജ്യദ്രോഹ കുറ്റം ചുമത്തിയത് ശരിയായ നടപടിയാണെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. 

ആയിഷ സുല്‍ത്താനയുടെ പരാമര്‍ശവും, ലക്ഷദ്വീപ് പ്രതിഷേധവും പാക് മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153 ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പശ്ചാത്തലത്തില്‍ ആയിഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ ഹൈക്കോടതി കവരത്തി പൊലീസിനോട് വിശദീകരണം തേടി. എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം  124 എ  ചുമത്തിയതെന്നും, അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നല്‍കാനും ലക്ഷദ്വീപ് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com