പ്രതിഷേധം തീവ്രവാദമല്ല; കേന്ദ്രത്തിനോട് ഹൈക്കോടതി, പൗരത്വ പ്രക്ഷോഭത്തില്‍ അറസ്റ്റിലായ മൂന്നുപേര്‍ക്ക് ജാമ്യം

പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി
നതാഷ നര്‍വാള്‍ ജയിലിന് പുറത്ത്/ ഫെയ്‌സ്ബുക്ക്
നതാഷ നര്‍വാള്‍ ജയിലിന് പുറത്ത്/ ഫെയ്‌സ്ബുക്ക്



ന്യൂഡല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇത് വ്യക്തമാക്കിയത്. 

വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വ്യഗ്രതയില്‍ സംഭവിച്ച് പോകുന്ന തെറ്റിധാരണയാണിത്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിധരിക്കേണ്ടതില്ല. എന്നാല്‍ ഭരണാധികാരികള്‍ക്ക് ഇത് രണ്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനാധിപത്യത്തിന് വിഷമകരമായ ദിനങ്ങളായിരിക്കുമെന്നും ഹെക്കോടതി ചൂണ്ടിക്കാട്ടി.

2020 മെയില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത  വനിതാ അവകാശ ഗ്രൂപ്പായ പിഞ്ച്ര ടോഡിലെ അംഗങ്ങളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 

ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ബഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ട്, പാസ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുക, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, അന്വേഷണത്തെ തടസ്സപ്പെടുത്താതിരിക്കുക എന്നിവയാണ് ഉപാധികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com