കേന്ദ്രത്തിന് 150 രൂപയ്ക്ക് കോവാക്‌സിന്‍ നല്‍കുന്നത് മുതലാവില്ല, സ്വകാര്യമേഖലയിലെ ഉയര്‍ന്ന വിലയ്ക്ക് കാരണമിത്; വിശദീകരണവുമായി ഭാരത് ബയോടെക്ക്

ഡോസിന് 150 രൂപയ്ക്ക് കേന്ദ്രസര്‍ക്കാരിന് കോവാക്‌സിന്‍ നല്‍കുന്നത് മുതലാവില്ലെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡോസിന് 150 രൂപയ്ക്ക് കേന്ദ്രസര്‍ക്കാരിന് കോവാക്‌സിന്‍ നല്‍കുന്നത് മുതലാവില്ലെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഒട്ടും സുസ്ഥിരവും മത്സരക്ഷമവുമല്ലെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

നിലവില്‍ സ്വകാര്യമേഖലയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനെ അപേക്ഷിച്ച് കോവാക്‌സിന്റെ വില കൂടുതലാണ്. ഇതിന് അടിസ്ഥാനപരമായി നിരവധി കാരണങ്ങളുണ്ടെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. കുറഞ്ഞ തോതിലുള്ള സംഭരണം, ഉയര്‍ന്ന വിതരണച്ചെലവ്, കുറഞ്ഞ റീട്ടെയില്‍ മാര്‍ജിന്‍ തുടങ്ങിയ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും കമ്പനി അറിയിച്ചു.

വാക്‌സിന്‍ വികസിപ്പിക്കലുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചെലവ് ഉണ്ടായിട്ടുണ്ട്. സ്വന്തം കൈയില്‍ നിന്ന് 500 കോടി രൂപ മുടക്കേണ്ടതായി വന്നു. ഉല്‍പ്പന്നം വികസിപ്പിക്കല്‍, ക്ലിനിക്കല്‍ പരീക്ഷണം, ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കല്‍ എന്നിവയ്ക്കാണ് ഈ തുക ചെലവഴിച്ചത്. ഉല്‍പ്പാദിപ്പിച്ച വാക്‌സിന്റെ 90 ശതമാനത്തിന് മുകളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കൈമാറിയത്. പത്തുശതമാനത്തില്‍ താഴെ മാത്രമാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറിയതെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

പുതിയ വാക്‌സിന്‍ നയം അനുസരിച്ച് ഒരു ഡോസ് വാക്‌സിനില്‍ നിന്ന് ശരാശരി 250 രൂപയില്‍ താഴെ മാത്രമേ ലഭിക്കൂ. ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം സര്‍ക്കാരിന് കൈമാറണം.  ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് ഡോസിന് 150 രൂപയ്ക്ക് നല്‍കുന്നത് ഒട്ടും പ്രായോഗികമല്ലെന്ന് കമ്പനി അറിയിച്ചു. ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇത് തീര്‍ത്തും സുസ്ഥിരമല്ല. ചെലവിന്റെ ഒരു ഭാഗം പരിഹരിക്കാന്‍ സ്വകാര്യമേഖലയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കേണ്ട സ്ഥിതിയാണെന്നും കമ്പനി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com