നോവാവാക്‌സ് ഇന്ത്യയില്‍ സെപ്റ്റംബറില്‍, കുട്ടികളില്‍ അടുത്ത മാസം പരീക്ഷണം; നൂറ് ശതമാനം സംരക്ഷണമെന്ന് സിറം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2021 03:44 PM  |  

Last Updated: 16th June 2021 03:44 PM  |   A+A-   |  

novavax Shows 90% Efficacy

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: അമേരിക്കന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ നോവാവാക്‌സ് സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കോവോവാക്‌സ് എന്ന പേരില്‍ നോവാവാക്‌സ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കമ്പനി സിഇഒ അദര്‍ പൂനവാല പറഞ്ഞു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് നോവാവാക്‌സ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് സിറം കമ്പനിയുമായി കരാറിലെത്തിയത്. നവംബറില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് മുന്‍പ് അടിയന്തര ഉപയോഗത്തിന് അനുമതി തേടാനാണ് സിറം ആലോചിക്കുന്നത്. വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള ഡേറ്റ ഇതിന് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കോവിഡിനെതിരെ നോവാവാക്‌സ് 90 ശതമാനം ഫലപ്രദമാണ് എന്ന തരത്തില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോവിഡിന്റെ കടുത്ത അണുബാധയില്‍ നിന്ന് വരെ സംരക്ഷണം നല്‍കാന്‍ കഴിവുള്ളതാണ് നോവാവാക്‌സ് എന്ന് സിറം അവകാശപ്പെടുന്നു. നൂറ് ശതമാനം വരെ സംരക്ഷണം ഉറപ്പുനല്‍കുന്നു. ജൂലൈയില്‍ കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നും കമ്പനി അറിയിച്ചു.