23 വയസിനിടെ  60 മെഡലുകള്‍, ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി; കുടുംബം നോക്കാന്‍ ചായവില്‍പ്പനയുമായി കരാട്ടെ ചാമ്പ്യന്‍

23 വയസിനുള്ളില്‍ വിവിധ കാറ്റഗറിയിലായി 60 മെഡലുകളാണ് ഹരി ഓം ശുക്ല വാരിക്കൂട്ടിയത്
ഹരി ഓം ശുക്ലയും കുടുംബവും, ചിത്രം: ഐഎഎന്‍എസ്
ഹരി ഓം ശുക്ലയും കുടുംബവും, ചിത്രം: ഐഎഎന്‍എസ്

ലക്‌നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ നിരവധി പേരുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. കരാട്ടെ ടൂര്‍ണമെന്റുകളില്‍ നിരവധി തവണ മെഡലുകള്‍ വാരിക്കൂട്ടിയ 28കാരന്‍ ജീവിക്കാനായി ചായക്കടയില്‍ അച്ഛനെ സഹായിക്കുകയാണ്. അഞ്ചുവര്‍ഷത്തിനിടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞ കഥയാണ് ഉത്തര്‍പ്രദേശ് മഥുര സ്വദേശിയായ കരാട്ടെ ചാമ്പ്യന്‍ ഹരി ഓം ശുക്ലയ്ക്ക് പറയാനുള്ളത്.

23 വയസിനുള്ളില്‍ വിവിധ കാറ്റഗറിയിലായി 60 മെഡലുകളാണ് ഹരി ഓം ശുക്ല വാരിക്കൂട്ടിയത്. ജൂനിയര്‍, സീനിയര്‍ തല ടൂര്‍ണമെന്റുകളിലെ മിന്നുന്ന താരമായിരുന്നു ഈ യുവാവ്. അഞ്ചുവര്‍ഷം കൊണ്ടാണ് യുവാവിന്റെ ജീവിതം ആകെ മാറിയത്. ലോക്ക്ഡൗണും കൈയില്‍ ഉണ്ടായിരുന്ന സമ്പാദ്യം തീര്‍ന്നതും ജോലിയില്ലാത്തതുമാണ് മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയപ്പോള്‍ ഈ 28കാരനെ ചായ വില്‍പ്പനയിലേക്ക് പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ചിരുന്ന സഹായം സര്‍ക്കാരില്‍ നിന്നും ലഭിക്കാതെ വന്നതോടെ സ്വപ്‌നങ്ങള്‍ തകര്‍ന്ന അവസ്ഥയില്ലായി ഈ ചെറുപ്പക്കാരന്.

കരാട്ടെ രംഗത്ത് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രോത്സാഹനം എന്ന നിലയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി നല്‍കിയിരുന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഈ സ്ഥാപനത്തില്‍ നിന്നുള്ള സഹായം ലഭിക്കാതെ വന്നതായി ഹരി ഓം ശുക്ല പറയുന്നു. പുതിയ ജീവിതമാര്‍ഗം എന്ന നിലയില്‍ കുട്ടികളെ കരാട്ടെ പഠിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇത് നിര്‍ത്ത്ിവെയ്ക്കാനും നിര്‍ബന്ധിതനായി. മറ്റു വഴികളില്ലാതെയാണ് ചായവില്‍പ്പന ആരംഭിച്ചതെന്ന് കരാട്ടെ ചാമ്പ്യന്‍ പറയുന്നു. 

നിലവില്‍ ചായക്കടയില്‍ അച്ഛനെ സഹായിക്കുകയാണ് ഹരി. 'എനിക്ക് രണ്ടു വയസുള്ള കുട്ടിയുണ്ട്. കുടുംബചെലവുകള്‍ വേറെയും. എത്രനാള്‍ വീട്ടില്‍ തന്നെ ഇരിക്കും. സഹായം അഭ്യര്‍ത്ഥിച്ച് മഥുര എംപി ഹേമമാലിനിയെയും ഊര്‍ജ്ജ മന്ത്രി ശ്രീകാന്ത് ശര്‍മ്മയെയും സമീപിച്ചു. ഒരു പ്രയോജനവും ലഭിച്ചില്ല'- ഹരി ഓം ശുക്ല പറയുന്നു.

13-ാം വയസിലാണ് കരാട്ടെ പരിശീലനം തുടങ്ങിയത്. 2009ല്‍ മുംബൈയിലെ രാജ്യാന്തര ഫനാകോഷി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവാണ്. 2013ല്‍ തായ്‌ലന്‍ഡിലും സ്വര്‍ണ, വെള്ളി മെഡലുകള്‍ നേടിയിട്ടുണ്ട് ഈ ചെറുപ്പക്കാരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com