ട്വിറ്ററിനെ പൂട്ടാന്‍ കേന്ദ്രം; നിയമപരിരക്ഷ പിന്‍വലിച്ചു; പിന്നാലെ യുപിയില്‍ കേസ്‌

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സമയം നല്‍കിയിട്ടും കമ്പനി അതിന് തയ്യാറായില്ലെന്ന് ഐടി മന്ത്രാലയം
ട്വിറ്റര്‍ ലോഗോ
ട്വിറ്റര്‍ ലോഗോ

ന്യൂഡല്‍ഹി: ട്വിറ്ററിന് ഉണ്ടായിരുന്ന നിയമപരിരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സമയം നല്‍കിയിട്ടും കമ്പനി അതിന് തയ്യാറായില്ലെന്ന് ഐടി മന്ത്രാലയം പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തു.

ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ മുസ്‌ലിം വയോധികനു നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ചുവെന്നും സംഭവത്തെക്കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററില്‍ പ്രചരിച്ചു, എന്നാല്‍ നീക്കം ചെയ്യാന്‍ സമൂഹമാധ്യമം തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

എന്നാല്‍ വയോധികന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാള്‍ വിറ്റ മന്ത്രത്തകിടുകളില്‍ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേര്‍ ചേര്‍ന്നാണ് ഇയാള്‍ക്കെതിരേ അതിക്രമം നടത്തിയതെന്നുമാണ് യുപി പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും സംഭവുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണജനകമായ പോസ്റ്റുകള്‍ പിന്‍വലിക്കുന്നതിനുളള നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഏത് ഉള്ളടക്കത്തിനും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച കമ്പനി മറുപടി പറയേണ്ടിവരും. ട്വിറ്റര്‍ ഇന്ത്യയുടെ ഏത് ഉദ്യോഗസ്ഥനെയും പൊലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയും.

ഗാസിയാബാദ് സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരായ റാണാ അയൂബ്, സബാ നഖ്‌വി, മുഹമ്മദ് സുബൈര്‍, ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം, കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ നിസാമി, ഷമാ മുഹമ്മദ്, മസ്‌കൂര്‍ ഉസ്മാനി തുടങ്ങിയവര്‍ക്കെതിരെയും എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെ സംഭവത്തിന് വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാന്‍  ട്വിറ്ററിന് അധിക സമയം നല്‍കിയിട്ടും പുതിയ ഐടി ചട്ടങ്ങളിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിക്കായില്ലെന്ന് ഐടി മന്ത്രാലയം പറയുന്നു. നിയമ പരിരക്ഷ നഷ്ടപ്പെടുമെന്ന് കാണിച്ച് ജൂണ്‍ അഞ്ചിന് സര്‍ക്കാര്‍ ട്വിറ്ററിന് അവസാന അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ നിന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുളള നടപടിയാണ് ഉണ്ടായതെന്നും ഇലക്ട്രോണിക്‌സ് -  ഐടി മന്ത്രാലയം വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com