കോവിഡ് മാനദണ്ഡം ലംഘിച്ചു; ബഹ്‌റിനില്‍  ഇന്ത്യക്കാരന് മൂന്ന് വര്‍ഷം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2021 03:33 PM  |  

Last Updated: 17th June 2021 03:33 PM  |   A+A-   |  

covid violation

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബഹ്‌റിനില്‍ പ്രവാസിക്ക് മൂന്ന് വര്‍ഷം ജയിലും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബിഹാര്‍ സ്വദേശിയുടെ മോചനം തേടി കുടുംബാംഗങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.

ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഖാലിദിനാണ് ബഹ്‌റിനില്‍ തടവുശിക്ഷ വിധിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നതിന്റെ പേരിലാണ് നടപടി. സംഭവത്തില്‍ നിയമവിരുദ്ധമായാണ് മുഹമ്മദ് ഖാലിദിനെ ശിക്ഷിച്ചത് എന്ന് കാണിച്ചാണ് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സമീപിച്ചത്.

കഴിഞ്ഞ എട്ടുവര്‍ഷമായി ബഹ്‌റിനില്‍ ജോലി ചെയ്യുകയാണ് മുഹമ്മദ് ഖാലിദ്. പതിനഞ്ച് ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. മെയ് 18ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. കമ്പനിയുടെ സംവിധാനത്തില്‍ 17 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു. തുടര്‍ന്ന് ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്ത് കോവിഡ് മാനദണ്ഡം ലംഘിച്ചു എന്ന കാരണം പറഞ്ഞ് അറസ്റ്റ് ചെയ്തു എന്നാണ് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്. 

മുഹമ്മദ് ഖാലിദ് റോഡില്‍ നില്‍ക്കുന്നതിന്റെ വീഡിയോ തദ്ദേശവാസി ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രചാരണം. തുടര്‍ന്നായിരുന്നു അറസ്്റ്റും കോടതിയില്‍ ഹാജരാക്കലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.