ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് 61 ശതമാനം ഫലപ്രദം; വിദഗ്ധ സമിതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th June 2021 11:14 AM |
Last Updated: 17th June 2021 11:14 AM | A+A A- |

ഫയൽ ചിത്രം
ന്യൂഡല്‍ഹി: രണ്ടു ഡോസുകളുടെ ഇടവേള സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെ, പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തിയെന്ന് കോവിഡ് വിദഗ്ധ സമിതി മേധാവി ഡോ എന്‍ കെ അറോറ. രണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകസമിതി മേധാവിയുടെ അവകാശവാദം.
നാലാഴ്ചത്തെ ഇടവേള നിശ്ചയിച്ചാണ് ദേശീയ കുത്തിവെയ്പ് ദൗത്യം രാജ്യത്ത് ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ കുത്തിവെയ്പ് എടുത്തവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിക്കുന്നതായാണ് കണ്ടെത്തിയത്. ബ്രിട്ടനും ആസ്ട്രാസെനേക്കയുടെ വാക്‌സിന്റെ ഇടവേള 12 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു. അതിനിടെ ലോകാരോഗ്യസംഘടനയും ഇടവേള വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടുന്നത് നല്ലതാണ് എന്നതായിരുന്നു ലോകാരോഗ്യസംഘടനയുടെ അഭിപ്രായമെന്നും എന്‍ കെ അറോറ പറയുന്നു.
മെയ് 13നാണ് കേന്ദ്രസര്‍ക്കാര്‍ ഇടവേള 12 മുതല്‍ 16 ആഴ്ച വരെ നീട്ടിയത്. ആവശ്യകത കുറഞ്ഞത് മൂലം വാക്‌സിന്‍ വിതരണം കുറഞ്ഞ സമയമായിരുന്നു അത്. എന്നാല്‍ രോഗപ്പകര്‍ച്ച അതിവേഗത്തില്‍ കുതിക്കുന്ന സമയമായിരുന്നു മെയ് മാസം. ഉല്‍പ്പാദനത്തിലെ കുറവ് പരിഹരിക്കാനാണ് ഇടവേള നീട്ടിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ടാം കോവിഡ് തരംഗത്തില്‍ ഡെല്‍റ്റ വകഭേദം അതിവേഗം പടര്‍ന്നതാണ് രോഗം മാരകമാക്കിയത്. അതിനിടെ ആയിരക്കണക്കിന് സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോവിഷീല്‍ഡിന്റെ ആദ്യഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദമാണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതെന്ന് എന്‍ കെ അറോറ പറഞ്ഞു. രണ്ട് ഡോസുകള്‍ എടുത്താല്‍ ഇത് 65 ശതമാനം വരെ ഉയരുമെന്നും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.