'അലോപ്പതി വിവേകശൂന്യം'; ബാബാ രാംദേവിനെതിരെ പൊലീസ് കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2021 08:14 PM  |  

Last Updated: 17th June 2021 08:14 PM  |   A+A-   |  

CASE FILED AGAINST BABA RAMDEV

ഫയല്‍ ചിത്രം

 

റായ്പുർ; ആധുനിക വൈദ്യശാസ്ത്രത്തിന് എതിരായ പരാമർശത്തിൽ യോ​ഗ ​ഗുരു ബാബാ രാംദേവിന് എതിരെ കേസെടുത്തു. ഛത്തീസ്​ഗഡ് പൊലീസാണ് രാംദേവിനെതിരെ കേസെടുത്തത്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഛത്തീസ്ഗഡ് ഘടകത്തിന്റെ പരാതിയിലാണ് നടപടി. 

കോവിഡിനെ നേരിടുന്നതിൽ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടു എന്നായിരുന്നു ബാബാ രാംദേവിന്‍റെ വിവാദ പരാമർശം. അലോപ്പതിയെ വിവേകശൂന്യമായതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‌‍‍ രാംദേവിനെതിരെ രം​ഗത്തെത്തി.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധൻ ഉള്‍പ്പെടെയുള്ളവര്‍ രാംദേവിനെ തള്ളിപ്പറഞ്ഞു. രാംദേവിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിക്കുന്നവയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം ജീവന്‍ പണയംവച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി പോരാടുന്ന കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകള്‍ അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ഷവര്‍ധൻ പറഞ്ഞത്.