സ്‌കൂൾ എന്ന് തുറക്കും? ആ സമയം ഉടൻ വരും, പക്ഷെ..; കേന്ദ്രസർക്കാർ പറയുന്നു

മഹാമാരിക്ക് നമ്മെ തകർക്കാൻ കഴിയില്ലെന്ന വിശ്വാസം ഇല്ലാത്തിടത്തോളം സ്കൂളുകൾ തുറക്കാൻ പാടില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ സ്‌കൂളുകൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസർക്കാർ. ഭൂരിഭാഗവും അധ്യാപകരും വാക്സിൻ സ്വീകരിച്ചതിന് ശേഷവും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭിച്ചതിനും ശേഷവുമേ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് ചിന്തിക്കൂവെന്ന് കേന്ദ്രം അറിയിച്ചു. 

"ആ സമയം ഉടൻ വരും. പക്ഷെ വിദേശരാജ്യങ്ങൾ എങ്ങനെയാണ് സ്‌കൂളുകൾ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്ക്കേണ്ടി വന്ന സാഹചര്യവും നാം പരിഗണിക്കണം. അവരെ അത്തരമൊരു സാഹചര്യത്തിലെത്തിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല", നീതി ആയോഗ്(ആരോഗ്യം) അംഗം വി കെ പോൾ ആരോ​ഗ്യ മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മഹാമാരിക്ക് നമ്മെ തകർക്കാൻ കഴിയില്ലെന്ന വിശ്വാസം ഇല്ലാത്തിടത്തോളം സ്കൂളുകൾ തുറക്കാൻ പാടില്ല. ഇത് കൂടുതൽ ചർച്ച വേണ്ട വിഷയമാണെന്നും വി കെ പോൾ പറഞ്ഞു. മൂന്നാംതരംഗം ഉണ്ടായാൽ അത് കുട്ടികളെ ബാധിക്കാനിടയില്ലെന്നും പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളിലും കോവിഡിന് എതിരായ ആന്റിബോഡികൾ രൂപപ്പെട്ടുവെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യസംഘടനയുടെയും സർവേ ഫലങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പോൾ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സ്‌കൂളുകൾ തുറക്കാമെന്നും വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമല്ല സർവേ ഫലം പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

"സ്‌കൂളുകൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന്റെ ഒരു ഘടകം മാത്രമാണ് കുട്ടികളിലെ സീറോ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ചുള്ള കണ്ടെത്തൽ.  സ്‌കൂളുകൾ വീണ്ടും തുറക്കുക എന്നത് വ്യത്യസ്തമായ ഒരു വിഷയമാണ്. അത് കുട്ടികളെ കുറിച്ച് മാത്രമുള്ളതല്ല. അധ്യാപകരും അനധ്യാപകരും ഒക്കെ ഉൾപ്പെട്ടതാണ്. ആർജിത പ്രതിരോധ ശേഷിയെന്നത് വെറും അഭ്യൂഹം മാത്രമാണ്. വൈറസ് രൂപം മാറുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പരിഗണിക്കേണ്ടതുണ്ട്", അദ്ദേഹം പറഞ്ഞു. ഇന്ന് കുട്ടികളിൽ കോവിഡിന്റെ തീവ്രത കുറവാണെങ്കിലും നാളെ ഇത് ​ഗുരുതരമായാൻ എന്തുചെയ്യുമെന്നും പോൾ ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com