ജാമ്യ ഉത്തരവിന് സ്റ്റേ ഇല്ല, പക്ഷേ; വിദ്യാര്‍ഥി നേതാക്കളുടെ മോചനത്തില്‍ സുപ്രീം കോടതി

ഡല്‍ഹി കലാപക്കേസില്‍ മൂന്നു വിദ്യാര്‍ഥി നേതാക്കള്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, ഒരു കോടതിയിലും കീഴ്‌വഴക്കമാവരുതെന്ന് സുപ്രീം കോടതി
നടാഷ നര്‍വാളും ദേവാംഗന കലിതയും തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം/പിടിഐ
നടാഷ നര്‍വാളും ദേവാംഗന കലിതയും തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം/പിടിഐ

ന്യൂഡല്‍ഹി: ഭീകര വിരുദ്ധ നിയമത്തിന്റെ വ്യാഖ്യാനം പ്രധാനപ്പെട്ട വിഷയമാണെന്നും അതു രാജ്യാവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സുപ്രീം കോടതി. ഡല്‍ഹി കലാപക്കേസില്‍ മൂന്നു വിദ്യാര്‍ഥി നേതാക്കള്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, ഒരു കോടതിയിലും കീഴ്‌വഴക്കമാവരുതെന്ന് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അടങ്ങി ബെഞ്ച് നിര്‍ദേശിച്ചു.

ജാമ്യ അപേക്ഷയില്‍ യുഎപിഎ നിയമം വ്യാഖ്യാനിച്ച ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതി അത്ഭുതം പ്രകടിപ്പിച്ചു. നൂറു പേജുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത് എന്ന് ബെഞ്ച് എടുത്തു പറഞ്ഞു. രാജ്യത്ത് ആകമാനം ഉള്ള യുഎപിഎ കേസ്സുകളില്‍ ഈ ഉത്തരവ് സ്വാധീനം ചെലുത്തുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ മറ്റ് കേസുകള്‍ക്ക് ഈ ഉത്തരവ് ബാധകമാക്കരുത് എന്ന് കോടതി നിര്‍ദേശിച്ചത്. 

ഡല്‍ഹി ഹൈക്കോടതി യുഎപിഎ നിയമത്തെ കീഴ് മേല്‍ മറിച്ചിരിക്കുകയാണന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. പ്രതിഷേധിക്കാന്‍ ഉള്ള അവകാശം എന്നത് ബോംബ് സ്‌ഫോടനം നടത്താനും കലാപം ഉണ്ടാക്കാനും ഉള്ള സ്വാതന്ത്ര്യം അല്ലെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. 

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്‍കിയ ഹര്‍ജിയില്‍ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ജാമ്യ ഉത്തരവ് സ്‌റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് മറ്റ് കേസുകള്‍ക്ക് കീഴ്‌വഴക്കം ആകരുതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിധികള്‍ ഉണ്ടാവരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തല്‍ഹ എന്നിവര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നാല് ആഴ്ചത്തെ സമയം നല്‍കി. ജാമ്യ ഉത്തരവില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com