'സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു', ട്വിറ്റര്‍ ഇന്ത്യ മേധാവിക്ക് യുപി സര്‍ക്കാരിന്റെ നോട്ടീസ്; സ്‌റ്റേഷനില്‍ ഏഴുദിവസത്തിനകം നേരിട്ട് ഹാജരാകണം

സമൂഹമാധ്യമ ചട്ടം പാലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ പ്രമുഖ സോഷ്യല്‍മീഡിയയായ ട്വിറ്ററിനെതിരെയുള്ള നടപടി തുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സമൂഹമാധ്യമ ചട്ടം പാലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ പ്രമുഖ സോഷ്യല്‍മീഡിയയായ ട്വിറ്ററിനെതിരെയുള്ള നടപടി തുടങ്ങി. സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഏഴുദിവസത്തിനകം ഉത്തര്‍പ്രദേശിലെ ലോനി അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കാനാണ് ട്വിറ്റര്‍ മേധാവി മനീഷ് മഹേശ്വരിയോട് ആവശ്യപ്പെട്ടത്.

ഈമാസത്തിന്റെ തുടക്കത്തില്‍ ഗാസിയാബാദില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയെടുത്തത്. സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താന്‍ ചിലര്‍ ട്വിറ്റര്‍ ദുരുപയോഗം ചെയ്തു എന്ന് കാണിച്ചാണ് ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് നടപടി സ്വീകരിച്ചത്. ഇതിനെതിരെ ട്വിറ്റര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. സമൂഹത്തിന് എതിരായ സന്ദേശം പ്രചരിപ്പിക്കാന്‍ ട്വിറ്റര്‍ നിന്നുകൊടുത്തു എന്നും നോട്ടീസില്‍ ആരോപണമുണ്ട്. 

അതിനിടെ പാര്‍ലമെന്റ് പാനലിന് മുന്‍പാകെ ഹാജരാകാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് വൈകീട്ട് നാലിന് പാര്‍ലമെന്റ് കോംപ്ലക്‌സില്‍ എത്താനാണ് ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളെയും ഓണ്‍ലൈന്‍ വാര്‍ത്തകളെയും ദുരുപയോഗം ചെയ്യുന്നത് എങ്ങനെ തടയാം എന്നതിനെ സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് ട്വിറ്ററിനെ വിളിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com