കോവിഡ് രണ്ടാം തരംഗം; ബിഹാറില്‍ കണക്കില്‍പ്പെടാത്ത 75,000 മരണം!

കോവിഡ് രണ്ടാം തരംഗം; ബിഹാറില്‍ കണക്കില്‍പ്പെടാത്ത 75,000 മരണം!
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: കോവിഡ് രണ്ടാം തരംഗ ഘട്ടത്തില്‍ ബിഹാറില്‍ 75,000ത്തിനടുത്ത് ആളുകള്‍ക്ക് വിശദീകരിക്കപ്പെടാത്ത കാരണങ്ങളാല്‍ മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ 75,000ത്തോളം മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക കോവിഡ് മരണത്തിന്റെ പത്തിരട്ടിയാണിത്. 

2019-ല്‍ ജനുവരി മുതല്‍ മെയ് വരെയള്ള മാസങ്ങളില്‍ ബിഹാറില്‍ 1.3 ലക്ഷത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021-ല്‍ ഇതേ കാലയളവില്‍ ഏകദേശം 2.2 ലക്ഷം മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാനത്തെ സിവില്‍ രജിസ്ട്രേഷന്‍ വിഭാഗത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഏകദേശം 82,500 മരണത്തിന്റെ വര്‍ധനയാണിത്. 62 ശതമാനമാണ് വര്‍ധന. ഇതില്‍ പകുതിയിലധികവും ഈ വര്‍ഷം മെയ് മാസത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2021 ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലെ ബിഹാറിലെ ഔദ്യോഗിക കോവിഡ് മരണ സംഖ്യ 7,717 ആണ്. നേരത്തെ ചേര്‍ക്കാതിരുന്ന 3,951 മരണം കൂടി ചേര്‍ത്തതിന് ശേഷം ഈ മാസം ആദ്യം സംസ്ഥാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍, പുതുക്കിയ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങള്‍ എപ്പോള്‍ സംഭവിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ വര്‍ഷം നടന്നവയാണെന്നാണ് കരുതപ്പെടുന്നത്. 

ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലെ സംസ്ഥാനത്തെ ഔദ്യോഗിക കോവിഡ് മരണവും സിവില്‍ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയ ആകെ മരണവും തമ്മില്‍ 74,808ന്റെ വ്യത്യാസമാണുള്ളത്. കോവിഡ് മരണ സംഖ്യ പുതുക്കിയിട്ടും സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത കോവിഡ് മരണങ്ങളുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. 

കണക്കില്‍പ്പെടാത്ത കോവിഡ് മരണമുണ്ടെന്ന് സംശയിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിഹാര്‍. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലും സമാനമായ പ്രവണതകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ വിശകലനം ചെയ്ത കണക്കുകള്‍ പ്രകാരം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രം 4.8 ലക്ഷം അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com