പോക്കിരി രാജയെ വെല്ലുന്ന തിരക്കഥ, പൊലീസുകാരന് പകരം ഭാര്യാസഹോദരൻ ഡ്യൂട്ടിയിൽ; വീട്ടിൽ പ്രത്യേക പരിശീലനം

വർഷങ്ങളായി പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്ത അനിൽ കുമാറാണ് തന്റെ ഭാര്യാ സഹോദരനെ തനിക്കു പകരം പൊലീസ് ഡ്യൂട്ടിക്ക് അയച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്നൗ; മമ്മൂട്ടി ചിത്രം പോക്കിരി രാജയിലാണ് ഇതിന് മുൻപ് ഇങ്ങനെയൊരു ആൾമാറാട്ടം കാണുന്നത്. തനിക്കു പകരം ഭാര്യാ സഹോദരനെ ജോലിക്ക് അയക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ. ഇത് വെറും സിനിമാക്കഥയല്ല, ഉത്തർപ്രദേശിൽ യഥാർത്ഥത്തിൽ ഇങ്ങനെയൊരു ആൾമാറാട്ടം നടന്നു. വർഷങ്ങളായി പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്ത അനിൽ കുമാറാണ് തന്റെ ഭാര്യാ സഹോദരനെ തനിക്കു പകരം പൊലീസ് ഡ്യൂട്ടിക്ക് അയച്ചത്. എന്നാൽ സംശയം തോന്നിയതോടെ രഹസ്യമായി അന്വേഷണം നടത്തിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ആൾമാറാട്ടം സ്ഥിരീകരിച്ചതോടെ അനിൽകുമാർ പിടിയിലായി. 

മുസാഫർനഗർ സ്വദേശിയായ അനിൽകുമാർ 2012 ലാണ് സേനയിൽ ചേരുന്നത്. തുടർന്ന് പരിശീലനം പൂർത്തിയാക്കിയശേഷം ബരേയ്ലി ജില്ലയിലായിരുന്നു ജോലിചെയ്തു. പിന്നീട് ഇയാളെ മൊറാദാബാദ് ഠാക്കൂർദ്വാര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതോടെയാണ് ആൾമാറാട്ടത്തിന് തുടക്കമാകുന്നത്. ഭാര്യാസഹോദൻ അനിൽ സോണിയുമായി ചേർന്നാണ് അനിൽകുമാർ ആൾമാറാട്ടം നടത്തിയത്. ഇതിനായി വീട്ടിൽ പ്രത്യേക പരിശീലനവും നൽകി. പോലീസ് പരിശീലനക്കാലത്തെ വിവിധ അഭ്യാസങ്ങളും തോക്ക് ഉപയോഗിക്കേണ്ടവിധവും സല്യൂട്ട് ചെയ്യേണ്ട രീതിയും ഇയാൾ പഠിപ്പിച്ചു.

അനിലിനു പകരം അദ്ദേഹത്തിന്റെ പേരിൽ മൊറാദാബാദിൽ അനിൽസോണിയാണ് ജോലിക്ക് ഹാജരായത്. ബരേലിയിൽനിന്നുള്ള സ്ഥലംമാറ്റ ഉത്തരവുമായി എത്തിയ വ്യാജനെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞില്ല. ഫോട്ടോ പോലും പരിശോധിക്കാൻ റിക്രൂട്ടിങ് ഓഫീസർ മുതിരാതിരുന്നതും ഇവർക്ക് സഹായകരമായി. ഇതിനിടെ, വ്യാജനാണെന്ന് തിരിച്ചറിയാതെ അനിൽസോണിക്ക് സേനയിൽനിന്ന് തോക്കും അനുവദിച്ചിരുന്നു. പിസ്റ്റർ ഉൾപ്പെടെയാണ് ഇയാൾ ഡ്യൂട്ടിയുടെ ഭാഗമായി ഉപയോഗിച്ചുവന്നിരുന്നത്. 

ഇങ്ങനെ ആർക്കും സംശയത്തിനിടനൽകാതെ ജോലി തുടരുന്നതിനിടെയാണ് ചിലരിൽനിന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചത്. നിലവിൽ ജോലിചെയ്യുന്നത് യഥാർഥ അനിൽകുമാർ അല്ലെന്ന വിവരം ലഭിച്ചതോടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി അന്വേഷണം നടത്തി. തുടർന്ന് ആൾമാറാട്ടം സ്ഥിരീകരിച്ചതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സേനയിൽനിന്ന് ആരെങ്കിലും ആൾമാറാട്ടത്തിന് സഹായം നൽകിയിട്ടുണ്ടെങ്കിൽ അവർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അനിൽസോണി ഒളിവിൽപോയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com