അച്ഛനും അമ്മയും അടക്കം കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചു മൂടി ;'രഹസ്യം' വെളിപ്പെടുത്തി സഹോദരന്‍ ;  19 കാരന്‍ അറസ്റ്റില്‍

ആസിഫിന്റെ മൂത്ത സഹോദരന്‍ ആരിഫ് (21) ആണ് പൊലീസില്‍ പരാതി നല്‍കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത : മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും 19 കാരന്‍ കൊന്നു കുഴിച്ചുമൂടി. പശ്ചിമബംഗാളിലെ മാല്‍ഡയിലാണ് സംഭവം. കേസില്‍ പ്രതിയായ ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആസിഫിന്റെ മൂത്ത സഹോദരന്‍ ആരിഫ് (21) ആണ് പൊലീസില്‍ പരാതി നല്‍കിയത്. വീടിനോട് ചേര്‍ന്നുള്ള ഗോഡൗണിലാണ് ആസിഫ് കുടുംബാംഗങ്ങളെ കൊന്ന് കുഴിച്ചുമൂടിയതെന്നും സഹോദരന്‍ പരാതിയില്‍ വ്യക്തമാക്കി.

ഫെബ്രുവരി 28-നാണ് ആസിഫ് കുടുംബത്തിലെ നാലു പേരെ വെള്ളത്തിൽ മുക്കിക്കൊന്നതെന്നാണ് പരാതിയിലുളളത്. ഭയം കാരണമാണ് ഇക്കാര്യം നേരത്തെ പുറത്ത് പറയാതിരുന്നതെന്ന് ആരിഫ് മൊഴി നൽകി. ആസിഫ് തന്നെയും കൊല്ലാൻ ശ്രമിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും ആരിഫ് വ്യക്തമാക്കി. 

ഏതാനും മാസങ്ങളായി വീട്ടുകാരെ തങ്ങൾ കണ്ടിട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു. അവരെല്ലാം കൊൽക്കത്തയിൽ പുതുതായി വാങ്ങിയ ഫ്ളാറ്റിൽ താമസിക്കാൻ പോയെന്നാണ് അന്വേഷിച്ചപ്പോൾ  ആസിഫ് മറുപടി നൽകിയതെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു. സ്വത്തു തട്ടിയെടുക്കാൻ വേണ്ടിയാണ് ഇയാൾ കൊല നടത്തിയതെന്നാണ് സൂചന. 

നേരത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിന് പിന്നാലെ ആസിഫ് വീട് വിട്ടിറങ്ങിപ്പോയിരുന്നു. ലാപ്ടോപ്പ് വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആസിഫ് അന്ന് വീട് വിട്ടിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയ ആസിഫിന് മാതാപിതാക്കൾ വിലകൂടിയ ലാപ്ടോപ്പ് വാങ്ങി നൽകിയിരുന്നു. താൻ ഒരു ആപ്പ് നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലൂടെ വലിയ പണക്കാരനാകുമെന്നും ആസിഫ് മാതാപിതാക്കളോട് പറഞ്ഞിരുന്നു.  ഇയാൾ കുടുംബത്തിന്റെ ചില വസ്തുവകകൾ വിൽക്കാൻ ശ്രമിച്ചിരുന്നതായും അയൽക്കാർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com