തിരിച്ചെടുക്കണം; ബിജെപിയില്‍ പോയവരുടെ നിരാഹാര സമരം, 300പേരെ ഗംഗാജലം തളിച്ച് സ്വീകരിച്ച് തൃണമൂല്‍

നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവര്‍ത്തകരുടെ തിരിച്ചുപോക്ക് തുടരുന്നു
ബിജെപി പ്രവര്‍ത്തകരുടെ സമരം, മമത ബാനര്‍ജി
ബിജെപി പ്രവര്‍ത്തകരുടെ സമരം, മമത ബാനര്‍ജി



കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവര്‍ത്തകരുടെ തിരിച്ചുപോക്ക് തുടരുന്നു. തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തിയ 300 പേരെ തൃണമൂല്‍ തിരിച്ചെടുത്തു. ഗംഗാ ജലം തളിച്ചതിന് ശേഷമാണ് ഇവരെ തിരികെയെടുത്തത്. 

ബിജെപിയില്‍ പോയതുകൊണ്ടുള്ള അശുദ്ധി മാറ്റാനാണ് പുണ്യജലം തളിച്ചതെന്ന് തൃണമൂല്‍ നേതാവ് തുഷാര്‍ കാന്തി മൊണ്ഡല്‍ പറഞ്ഞു. ബിജെപി അവരുടെ വര്‍ഗീയ വിഷചിന്തകള്‍ പ്രവര്‍ത്തകരുടെ മനസില്‍ കുത്തി വച്ചിട്ടുണ്ടാകുെമന്നും അത് പോകാനാണ് ഗംഗാജലം തളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

ബിജെപി വന്നാല്‍ ഗ്രാമങ്ങളില്‍ വികസനം ഉണ്ടാകുമെന്ന് വിശ്വസിച്ചാണ് അവര്‍ക്കൊപ്പം പോയതെന്നും എന്നാല്‍ അത് തെറ്റായിരുന്നുവെന്നും തിരിച്ചെത്തിയ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഇതൊക്കെ തൃണൂലിന്റെ നാടകമാണെന്നും ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ നിര്‍ബന്ധിച്ച് തങ്ങളുടെ പക്ഷത്താക്കുകയുമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. 

ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയിയും മകന്‍ ശുഭ്രാംശു റോയിയും ദിവസങ്ങള്‍ക്ക് മുന്‍പ്് തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്ന് രജീബ് ബാനര്‍ജി, ദിപേന്ദു ബിശ്വാസ് തുടങ്ങിയ നേതാക്കളും ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ പോയതിന് പരസ്യമായി മാപ്പ് അപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയ സംഭവവുമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com