കോവിഡ് ഒരു വിഷയമല്ല; സെപ്റ്റംബര്‍ 15ന് മുന്‍പ് തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണം; ഇലക്ഷന്‍ കമ്മീഷനോട് സുപ്രീംകോടതി

സെപ്റ്റംബര്‍ 15ന് മുന്‍പായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 15ന് മുന്‍പായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം. പുതുതായി രൂപീകരിച്ച 9 ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപതയും അനിരുദ്ധ ബോസും ഉത്തരവില്‍ വ്യക്തമാക്കി. 

2019 ഡിസംബര്‍ 11ന് തെരഞ്ഞെടുപ്പ് നടത്താന്‍ നാല് മാസത്തെ സമയം അനുവദിച്ചിരുന്നതാണെന്നും എന്നാല്‍ പതിനെട്ടു മാസം കഴിഞ്ഞിട്ടും നടത്തിയിട്ടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 

ഉത്തരവ് സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കി. 

നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്‍ഗണന നല്‍കിയതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാതെ പോയതെന്ന് ഇലക്ഷന്‍ കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി എസ് നരസിംഹ കോടതിയില്‍ പറഞ്ഞു. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെന്നും തെരഞ്ഞെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

എന്നാല്‍, കോവിഡ് വ്യാപനം ഒഴിവുകഴിവ് അല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുമ്പോള്‍  തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com