'സൗജന്യ വാക്‌സിനേഷന് പ്രധാനമന്ത്രിക്ക് നന്ദി' ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് യുജിസി, സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബാനറുകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്
യുജിസി നിര്‍ദേശപ്രകാരം, ഡല്‍ഹി സര്‍വകലാശാല സ്ഥാപിച്ച ബാനര്‍ / ട്വിറ്റര്‍ ചിത്രം
യുജിസി നിര്‍ദേശപ്രകാരം, ഡല്‍ഹി സര്‍വകലാശാല സ്ഥാപിച്ച ബാനര്‍ / ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി : 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ബാനറുകള്‍ സ്ഥാപിക്കണമെന്ന് യുജിസി. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നിര്‍ദേശം. 

ബാനറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും, എല്ലാവര്‍ക്കും വാക്‌സിന്‍, എല്ലാവര്‍ക്കും സൗജന്യം, ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ക്യാംപെയ്ന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി' എന്നിങ്ങനെ എഴുതാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബാനറുകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയാണ് ബാനറുകൾ സ്ഥാപിക്കണമെന്ന യുജിസി സെക്രട്ടറി രജ്നിഷ് ജെയ്‌നിന്റെ സന്ദേശം സർവകലാശാലാ അധികൃതർക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷൻ എന്ന, കേന്ദ്രത്തിന്റെ പുതുക്കിയ വാക്സീൻ നയം തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. 

അതിനിടെ യുജിസി നിർദേശത്തിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുർവേദി പ്രതിഷേധവുമായി രം​ഗത്തെത്തി. ‘സൗജന്യ വാക്സീൻ ലഭ്യമാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച്, സർക്കാർ ധനസഹായം നൽകുന്ന സർവകലാശാലകൾ ബാനറുകൾ സ്ഥാപിക്കണമെന്ന് യുജിസി നിർദേശിച്ചിരിക്കുന്നു. ഒന്നാമത്, ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് വാക്സീൻ വാങ്ങിയത്. രണ്ടാമത്, വിദ്യാർഥികൾക്കായി ഇതേ ഉത്സാഹത്തോടെ യുജിസി പ്രവർത്തിക്കുകയും യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മയെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com