ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് പണം തട്ടണം; ഒന്‍പത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്ന് അമ്മയും രണ്ടാനച്ഛനും

പഞ്ചാബില്‍ മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് പണം തട്ടാന്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ഒന്‍പത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: പഞ്ചാബില്‍ മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് പണം തട്ടാന്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ഒന്‍പത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു. സംഭവത്തില്‍ 27 വയസുള്ള അമ്മ പിങ്കി, 31 വയസുള്ള രണ്ടാനച്ഛന്‍ നരീന്ദര്‍പാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലുധിയാന ഹുംബ്രാനില്‍ കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ശനിയാഴ്ച രാത്രിയാണ്് സംഭവം. ഒന്‍പതു വയസുകാരി ഭാരതിയെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കുട്ടിയുടെ പേരില്‍ 2018ല്‍ രണ്ടരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. ഇത് തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് കൊലപാതകം എന്ന് പൊലീസ് പറയുന്നു.

2019ല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് ഇരുവരും സ്ഥലം വാങ്ങിയിരുന്നു. വിവിധ തവണകളായി ഒന്നരലക്ഷം രൂപ മടക്കിനല്‍കി. എന്നാല്‍ അവശേഷിക്കുന്ന പണം നല്‍കാന്‍ മാര്‍ഗമില്ലാതായി. തുടര്‍ന്ന് മകളെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കാലിത്തീറ്റ ഫാക്ടറിയുടെ ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. ഉറക്കത്തില്‍ ഭാരതിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ കുട്ടിയെ ഇവര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു എന്നായിരുന്നു ഇരുവരുടെയും വിശദീകരണം. എന്നാല്‍ കുട്ടിക്ക് മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഭാരതിയെ നരീന്ദര്‍പാലിന് ഇഷ്ടമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പിങ്കിയുടെ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ കുട്ടിയാണ് ഭാരതി. 

കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പിങ്കിയും ഭര്‍ത്താവും കുട്ടിയുടേത് സ്വാഭാവിക മരണമാണ് എന്നാണ് വാദിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തുഞെരിച്ച് കൊന്നതാണ് എന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com