മകനു 18 വയസ്സു പൂര്‍ത്തിയാവുന്നതോടെ പിതാവിന്റെ ഉത്തരവാദിത്വം തീരില്ല: ഹൈക്കോടതി

മകനു 18 വയസ്സു പൂര്‍ത്തിയാവുന്നതോടെ പിതാവിന്റെ ഉത്തരവാദിത്വം തീരില്ല: ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: മകന് പതിനെട്ടു വയസു പൂര്‍ത്തിയാവുന്നതോടെ പിതാവിന്റെ ഉത്തവാദിത്വം തീര്‍ന്നു എന്നു പറയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന്റെ വിദ്യാഭ്യാസത്തിന്റെയും മറ്റും ചെലവുകള്‍ വിവാഹ മോചിതയായ മാതാവിന്റെ മാത്രം ബാധ്യതയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മകന്റെ വിദ്യാഭ്യാസ ചെലവിനായി വിവാഹ മോചിതയായ മാതാവിന് പ്രതിമാസം 15,000 രൂപ ഇടക്കാല ജീവനാംശമായി നല്‍കാനുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

കുടുംബ കോടതിയുടെ ജീവനാംശ വിധി ചോദ്യം ചെയ്ത് വിവാഹ മോചിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പ്രായപൂര്‍ത്തിയായെങ്കിലും വിദ്യാഭ്യാസം തുടരുന്ന മകന്റെ ചെലവുകള്‍ നിലവില്‍ പൂര്‍ണമായും അമ്മ വഹിക്കേണ്ടി വരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വസ്തുത കണക്കിലെടുക്കാതെയാണ് കുടുംബ കോടതി വിധി പറഞ്ഞത്. വിവാഹ മോചിതയായ സ്ത്രീയയുടെ ശമ്പളത്തില്‍നിന്ന് ഇതുകൂടി കണ്ടെത്തുക പ്രയാസമാണ്. ജീവിതച്ചെലവ് ഉയര്‍ന്നു വരുന്നതും കോടതിക്കു കാണാതിരിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു.

ജോലിയുള്ള സ്ത്രീക്കു ജീവനാശം നല്‍കേണ്ടെന്നും മകനു പ്രായപൂര്‍ത്തിയാവുന്നതു വരെയും മകള്‍ക്കു ജോലി കിട്ടുന്നതു വരെയോ വിവാഹിതയാവുന്നതു വരെയോ മാത്രം ജീവനാശം നല്‍കാനുമായിരുന്നു കുടുംബ കോടതിയുടെ വിധി. മകനും മകളും ഇപ്പോഴും അമ്മയോടൊപ്പമാണ് ജീവിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പതിനെട്ടു വയസ്സു പൂര്‍ത്തിയായി എന്നതു കൊണ്ടുമാത്രം, വരുമാനമില്ലാത്ത മകനെ കൈയൊഴിയാനാവില്ല. മകന്റെ പേരിലുള്ള ഉത്തരവാദിത്വം അതിന്റെ പേരില്‍ മാത്രം പിതാവിനു കൈയൊഴിയാനാവില്ലെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com