മുംബൈയിൽ മലയാളി യുവതിയും മകനും ആത്മഹത്യ ചെയ്ത സംഭവം; അയൽവാസി അറസ്റ്റിൽ

ഭർത്താവ് ശരത് മുളുകുട്‌ലയും മാതാപിതാക്കളും കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നു രേഷ്മ  മാനസിക സംഘർഷത്തിലായിരുന്നു
രേഷ്മ മാത്യു ട്രെഞ്ചിൽ
രേഷ്മ മാത്യു ട്രെഞ്ചിൽ

മുംബൈ; മലയാളി യുവതിയും ആറു വയസുകാരൻ മകനും മുംബൈയിൽ ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാലാ രാമപുരം സ്വദേശിയും മുൻ മാധ്യമ പ്രവർത്തകയുമായ രേഷ്മ മാത്യു ട്രെഞ്ചിൽ (43) മകൻ ​ഗരുഡ് എന്നിവരുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ഇരുവരുടേയും മരണത്തിന് കാരണമായത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ്  അയൽവാസി അറസ്റ്റിലായത്. ഇയാൾക്കും മാതാപിതാക്കൾക്കും എതിരെ കേസെടുത്തു. 

മുംബൈ ചാന്ദിവ്‌ലി നാഹേർ അമൃത്ശക്തി കോംപ്ലക്സിന്റെ 12ാം നിലയിൽ നിന്നു വീണു മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. 

രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം  ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഭർത്താവ് ശരത് മുളുകുട്‌ലയും മാതാപിതാക്കളും കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നു രേഷ്മ  മാനസിക സംഘർഷത്തിലായിരുന്നു. അതിനിടയിലാണ് അയൽവാസികളിൽ നിന്ന് മാനസിക പീഡനവും നേരിടുന്നത്. 

മാതാപിതാക്കളുടെ കോവിഡ് ചികിത്സയ്ക്കായി വാരാണസിയിൽ പോയപ്പോഴാണു ശരത്തും പോസിറ്റീവ് ആയത്. തുടർന്ന് മൂന്നുപേരും മരിക്കുകയായിരുന്നു. രാമപുരം മരങ്ങാട് ആനിക്കുഴിക്കാട്ടിൽ എ.എം. മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകളാണ് മാധ്യമ പ്രവർത്തകയായിരുന്ന രേഷ്മ. യുഎസിലാണു പത്രപ്രവർത്തനത്തിൽ പരിശീലനം നേടിയത്. യുഎസിലുള്ള ഏക സഹോദരൻ ബോബി വെള്ളിയാഴ്ച മുംബൈയിലെത്തുമെന്നാണു പൊലീസിനെ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com