വാക്‌സിന്‍ പേടി ; ചാനല്‍ സംഘത്തെ കണ്ട് വീടു വിട്ടോടി വയലില്‍ ഒളിച്ച് ഗ്രാമീണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 04:49 PM  |  

Last Updated: 23rd June 2021 04:55 PM  |   A+A-   |  

covid vaccine

ഫയല്‍ ചിത്രം

 

ജയ്പൂര്‍ : കോവിഡിനെ തുരത്താന്‍ തീവ്ര വാക്സിനേഷന്‍ യജ്ഞവുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാരുകള്‍. അതേസമയം വാക്‌സിനെതിരെ തെറ്റിദ്ധാരണയും ഏറെയാണ്. വാക്‌സിന്‍ എടുത്താല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് രാജ്യത്തെ പിന്നോക്ക ഗ്രാമപ്രദേശങ്ങളില്‍ പരക്കുന്ന പ്രചാരണങ്ങള്‍. ഇത് വിശ്വസിച്ച് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന നിരവധി ആളുകളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരമൊരു സംഭവമാണ് ഏറ്റവുമൊടുവില്‍ രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. 

രാജസ്ഥാനിലെ ജലാവാര്‍ ജില്ലയിലെ ജല്‍റാപട്ടാന്‍ താലൂക്കിലാണ് സംഭവം. ചാനല്‍ സംഘത്തെ കണ്ട് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പിന് എത്തിയ ആരോഗ്യപ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ വീടുവിട്ടോടുകയായിരുന്നു. നാരായണ്‍ഖേഡ, കാലാകോട്ട്, ബിരിയാഖേഡി ഗ്രാമങ്ങളിലെ ആളുകളാണ് ചാനല്‍ സംഘത്തെ കണ്ട് തെറ്റിദ്ധരിച്ച് വീടുവിട്ടത്. 

സ്ത്രീകളും കുട്ടികളുമെല്ലാം സമീപത്തെ വയലില്‍ ഒളിക്കുകയായിരുന്നു. എന്തുകൊണ്ടാണ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് വൈമനസ്യം കാട്ടുന്നതെന്ന ചോദ്യത്തിന്, വാക്‌സിന്‍ എടുത്ത സമുദായത്തില്‍പ്പെട്ട ഒരാള്‍ മരിച്ചതാണ് ഭയത്തിന് കാരണമെന്നാണ് ഒരു ഗ്രാമീണന്‍ പറഞ്ഞത്. ഞങ്ങള്‍ മദ്യപിക്കും. ഇറച്ചിയും മീനും കഴിക്കും. അതുകൊണ്ട് കൊറോണ വൈറസ് വരില്ല എന്നായിരുന്നു ഒരു സ്ത്രീ അഭിപ്രായപ്പെട്ടത്. 

വാക്‌സിന്‍ സ്വീകരിച്ചാല്‍ പ്രത്യുല്‍പ്പാദനശേഷി നഷ്ടമാകും, ഗുരുതരമായ രോഗങ്ങളുണ്ടാകും തുടങ്ങിയ പ്രചാരണങ്ങളാണ് ആളുകളില്‍ ഭയം ഉണ്ടാക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെക്കൊണ്ട് ബോധവല്‍ക്കരണത്തിന് ശ്രമം തുടരുകയാണ്. ഗ്രാമീണരെ ബോധവല്‍ക്കരിച്ച് എല്ലാവരെയും കുത്തിവയ്‌പ്പെടുവിക്കാനാണ് ശ്രമിക്കുന്നതെന്നും ജില്ലാ കളക്ടര്‍ ഹരിമോഹന്‍ മീണ പറഞ്ഞു.