ബിഹാറില്‍ അധ്യാപക പരീക്ഷ 'പാസായി' അനുപമ പരമേശ്വരന്‍; കഥ ഇങ്ങനെ-വീഡിയോ 

ബിഹാറിലെ അധ്യാപക യോഗ്യത പരീക്ഷ 'പാസായി' മലയാളി നടി അനുപമ പരമേശ്വരന്‍
അനുപമ പരമേശ്വരന്‍, ഫെയ്‌സ്ബുക്ക് ചിത്രം
അനുപമ പരമേശ്വരന്‍, ഫെയ്‌സ്ബുക്ക് ചിത്രം

പറ്റ്‌ന: ബിഹാറിലെ അധ്യാപക യോഗ്യത പരീക്ഷ 'പാസായി' മലയാളി നടി അനുപമ പരമേശ്വരന്‍. 2019ല്‍ നടന്ന സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷയുടെ ഫലത്തിലാണ് തെറ്റ് കടന്നുകൂടിയത്. ഋഷികേഷ് കുമാര്‍ എന്ന ഉദ്യോഗാര്‍ഥിയുടെ പരീക്ഷാഫലത്തില്‍ ചിത്രത്തിന്റെ സ്ഥാനത്താണ് അനുപമ പരമേശ്വരന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്.  മൂന്ന് വിഷയങ്ങളുടെ മാര്‍ക്ക് അടങ്ങുന്ന സ്‌കോര്‍ കാര്‍ഡ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

2019ല്‍ നടന്ന പരീക്ഷയുടെ ഫലം മാര്‍ച്ചിലാണ് പ്രഖ്യാപിച്ചത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പേപ്പര്‍- ഒന്നിന് കീഴില്‍ വരുന്ന മൂന്ന് വിഷയങ്ങളുടെ മാര്‍ക്ക് സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നില്ല. ഉറുദു, സംസ്‌കൃതം, സയന്‍സ് എന്നി വിഷയങ്ങളുടെ മാര്‍ക്ക് അപ്ലോഡ് ചെയ്തപ്പോഴാണ് ചിത്രം മാറിപ്പോയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഋഷികേഷ് കുമാര്‍ പരീക്ഷാഫലത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ച് രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് തേജ്വസി യാദവ് നിയമസഭയില്‍ വിഷയം ഉന്നയിച്ചു. ക്രമക്കേട് നടത്താതെ ഒരു ഒഴിവ് പോലും നികത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തതിനാല്‍ തെറ്റ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കാനുള്ള ശ്രമം തുടരുമെന്നും ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com