'മഹാരാജാവായി തോന്നി', എയര്‍ഇന്ത്യയുടെ ദുബൈ വിമാനത്തില്‍ ഒരൊറ്റ യാത്രക്കാരന്‍ മാത്രം; അനുഭവം പങ്കുവെച്ച് എസ് പി സിങ് ഒബ്‌റോയി

ദുബൈയിലേക്കുള്ള മൂന്ന് മണിക്കൂര്‍ വിമാന യാത്രയിലാണ് ഒരു യാത്രക്കാരന്‍ മാത്രമായത്
വിമാനത്തില്‍ നിന്ന് എസ് പി സിങ് ഒബ്‌റോയി
വിമാനത്തില്‍ നിന്ന് എസ് പി സിങ് ഒബ്‌റോയി

ന്യൂഡല്‍ഹി: ബിസിനസുകാര്‍ സ്വന്തം വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ കഴിഞ്ഞദിവസം പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ അമൃതസര്‍ -ദുബൈ വിമാനത്തില്‍ യാത്രക്കാരായി ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരനായ എസ് പി സിങ് ഒബ്‌റോയിയാണ് വിമാനത്തില്‍ മറ്റു യാത്രക്കാരെയാരെയും കാണാതെ അമ്പരന്ന് പോയത്. ഇക്കോണമി ക്ലാസ് ടിക്കറ്റാണ് ബിസിനസുകാരന്‍ എടുത്തത്.

ബുധനാഴ്ച വൈകീട്ട് 3.45നായിരുന്നു വിമാനം പുറപ്പെട്ടത്. ദുബൈയിലേക്കുള്ള മൂന്ന് മണിക്കൂര്‍ വിമാന യാത്രയിലാണ് ഒരു യാത്രക്കാരന്‍ മാത്രമായത്. ഗോള്‍ഡന്‍ വിസയുള്ള എസ് പി സിങ്ങിന് യുഎഇയില്‍ പത്തുവര്‍ഷം വരെ താമസിക്കുന്നതിന് അനുമതിയുണ്ട്. ദുബൈയിലേക്ക് മടങ്ങി പോകുമ്പോഴാണ് എസ് പി സിങ് അമ്പരന്നത്. എസ് പി സിങ് വിമാനത്തിന്റെ അകത്ത് നിന്ന് എടുത്ത ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലെ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് എസ് പി സിങ് പങ്കുവെച്ചത്. 

കഴിഞ്ഞ അഞ്ചാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഒരു യാത്രക്കാരനുമായി എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. കോവിഡിന് മുന്‍പ് ഏറ്റവുമധികം വരുമാനം ലഭിച്ചിരുന്ന റൂട്ടായിരുന്നു ഇന്ത്യ- ഗള്‍ഫ് വിമാനയാത്ര. എന്നാല്‍ കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com