'അതാണ് ഞാൻ ചെയ്ത തെറ്റ്'- സുപ്രീം കോടതി പാനൽ റിപ്പോർട്ടിൽ കെജരിവാൾ

By സമകാലിക മലയാളം ഡെസ്ക്  |   Published: 25th June 2021 07:29 PM  |  

Last Updated: 02nd January 2023 11:21 AM  |   A+A-   |  

Arvind Kejriwal On Report On

അരവിന്ദ് കെജരിവാള്‍ / എഎന്‍ഐ ചിത്രം

 

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം മൂർധന്യത്തിൽ നിൽക്കെ ഡൽഹി സർക്കാർ ഓക്സിജൻ ആവശ്യകതയെ പെരുപ്പിച്ച് കാണിച്ചതായി സുപ്രീം കോടതി പാനൽ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഡൽഹിയിലെ രണ്ട് കോടിയോളം വരുന്ന ജനങ്ങൾക്കു വേണ്ടി പോരാടി എന്നതാണ് താൻ ചെയ്ത തെറ്റ് എന്ന് കെജരിവാൾ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് കെജരിവാൾ നിലപാട് വ്യക്തമാക്കിയത്. 

‘രണ്ട് കോടി ജനങ്ങളുടെ ജീവന് വേണ്ടി പോരാടി എന്നതാണ് ഞാൻ ചെയ്ത തെറ്റ്. നിങ്ങൾ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുമ്പോൾ ഞാൻ രാത്രി മുഴുവൻ ഉണർന്നിരുന്ന് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നതിനായി പരിശ്രമിക്കുകയായിരുന്നു. ജനങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്നതിനായി ഞാൻ പോരാടി. ഓക്സിജനായി യാചിച്ചവർക്ക് അതിന്റെ അഭാവം മൂലം പ്രിയപ്പെട്ടവരെ നഷ്ടമായിരുന്നു. അവരെ നിങ്ങൾ കള്ളന്മാരെന്ന് വിളിക്കരുത്. അത് അവരെ വളരെയധികം വേദനിപ്പിക്കും’– കെജരിവാൾ വ്യക്തമാക്കി. 

മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായി നിൽക്കുമ്പോൾ നഗരത്തിന്റെ ഓക്സിജൻ ആവശ്യകത ഡൽഹി സർക്കാർ നാലിരട്ടിയായി കൂട്ടിപ്പറഞ്ഞെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതി നിയോഗിച്ച ഓക്സിജൻ ഓഡിറ്റ് പാനലിന്റേതാണ് ഈ ഇടക്കാല റിപ്പോർട്ട്. 

ആശുപത്രി കിടക്കകളുടെ എണ്ണം വച്ച് ഡൽഹിക്ക് 289 മെട്രിക് ടൺ ഓക്സിജൻ മാത്രമായിരുന്നു ആവശ്യം. എന്നാൽ സർക്കാർ അവകാശപ്പെട്ടത് 1140 മെട്രിക് ടൺ ആണെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഡൽഹിയുടെ പ്രതിദിന ഓക്സിജൻ ശരാശരി ഉപയോഗം 284 – 372 മെട്രിക് ടണ്ണിനിടയിലായിരുന്നു. ആവശ്യത്തിൽ കൂടുതൽ ഓക്സിജൻ ഇങ്ങോട്ടു കൊടുക്കേണ്ടി വന്നതിനാൽ മറ്റു സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിനെ ബാധിച്ചുവെന്നും പാനൽ പറഞ്ഞു.