രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് പൂട്ടി, പകര്‍പ്പവകാശം ലംഘിച്ചെന്ന് ട്വിറ്റര്‍

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ട് പ്രമുഖ സോഷ്യല്‍മീഡിയ സൈറ്റായ ട്വിറ്റര്‍
രവിശങ്കര്‍ പ്രസാദ്, ഫയല്‍
രവിശങ്കര്‍ പ്രസാദ്, ഫയല്‍

ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ട് പ്രമുഖ സോഷ്യല്‍മീഡിയ സൈറ്റായ ട്വിറ്റര്‍. ഒരു മണിക്കൂര്‍ നേരം തനിക്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് രവിശങ്കര്‍ പ്രസാദ് അറിയിച്ചു.  പുതിയ ഐടി ചട്ടത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ തന്നെ അറിയിച്ചു.

സമൂഹ മാധ്യമച്ചട്ടം പാലിക്കുന്നതിനുള്ള സമയപരിധി അനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചു വരുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് താത്കാലികമായി പൂട്ടിയത്. അമേരിക്കയിലെ പകര്‍പ്പവകാശ നിയമം ലംഘിച്ചു എന്ന് ആരോപിച്ചാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്. പീന്നിട് അക്കൗണ്ട് തുറക്കാന്‍ അനുവദിച്ചതായും രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

'സ്വന്തം അജന്‍ഡ നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമായി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലക്കൊള്ളുന്നവര്‍ എന്ന് അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഇതോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലക്കൊള്ളുന്നവരല്ല എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. സ്വന്തം അജന്‍ഡ നടപ്പാക്കുന്നതിലാണ് അവര്‍ക്ക് താത്പര്യം'- അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലായെങ്കില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യുമെന്ന ഭീഷണി കൂടി ഇതിലുള്ളതായും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

പുതിയ ഐടി ചട്ടം അനുസരിച്ച് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് നിയമ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് അക്കൗ ണ്ടുടമയ്ക്ക് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഏത് പ്ലാറ്റ്‌ഫോമായാലും പുതിയ ഐടി ചട്ടം പാലിച്ചേ മതിയാവൂ. ഇക്കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com