രാഷ്ട്രപതിക്ക് വേണ്ടി ഗതാഗത നിയന്ത്രണം; ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു, മാപ്പ് പറഞ്ഞ് യുപി പൊലീസ്

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്‍ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീ മരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ലഖ്നൗ: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്‍ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീ മരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം രാത്രി കാണ്‍പൂരിലെത്തിയിരുന്നു. 

സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെത്തുടര്‍ന്നാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് പോയ വന്ദന മിശ്ര എന്ന അമ്പതുകാരിക്ക് കാത്തുകിടക്കേണ്ടി വന്നത്. ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇവര്‍ മരിച്ചു. നേരത്തേ കോവിഡ് 19 ബാധിച്ചയാളാണ് വന്ദന. രോഗമുക്തി നേടിയെങ്കിലും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇവരുമായി കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് തിരിച്ചത്. 

കാണ്‍പുര്‍ പൊലീസിനുവേണ്ടിയും വ്യക്തിപരമായും താന്‍ മാപ്പുചോദിക്കുന്നതായി കാണ്‍പുര്‍ ജില്ലാ പൊലീസ് മേധാവി അസിം അരുണ്‍ ട്വീറ്റ് ചെയ്തു.'വന്ദന മിശ്രയുടെ നിര്യാണത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇത് ഭാവിയിലേക്കുളള ഒരു വലിയ പാഠമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കഴിയാവുന്നത്ര ചുരുങ്ങിയ സമയം മാത്രം പൗരന്മാരെ കാത്തുനിര്‍ത്തുന്ന രീതിയിലുളളതായിരിക്കും ഞങ്ങളുടെ റൂട്ട് സംവിധാനം എന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.' അദ്ദേഹം ട്വീറ്റ് ചെയ്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com