ഇ-മെയിലിന്റെ പാസ്‌വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടു, ബാങ്ക് എക്‌സിക്യൂട്ടീവ് ചമഞ്ഞ് സൈബര്‍ തട്ടിപ്പ്; പ്രമുഖ നടിക്ക് ലക്ഷങ്ങള്‍ നഷ്ടമായി 

പ്രമുഖ ബോളിവുഡ് നടി ശബ്‌ന ആസ്മിക്ക് പിന്നാലെ മറ്റൊരു നടിയും സൈബര്‍ തട്ടിപ്പിന് ഇരയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടി ശബ്‌ന ആസ്മിക്ക് പിന്നാലെ മറ്റൊരു നടിയും സൈബര്‍ തട്ടിപ്പിന് ഇരയായി. മുന്‍ മാധ്യമപ്രവര്‍ത്തകയും നടിയുമായ സൊഹൈല ചാര്‍നാലിയയാണ് തട്ടിപ്പിന് ഇരയായത്. വിവിധ ഇടപാടുകളിലായി നാലുലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്.

തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് 65 കാരി താമസിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പതിവായുള്ള വിവിധ ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ വന്നു. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ലഭിക്കുന്നതിന് ഇന്റര്‍നെറ്റില്‍ പരതിയ നടിയെ ബാങ്ക് എക്‌സിക്യൂട്ടീവ് എന്ന വ്യാജേന സമീപിച്ച് തട്ടിപ്പിന് ഇരയാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്റര്‍നെറ്റില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറായി കൊടുത്തിരിക്കുന്ന നമ്പറിലേക്ക് നടി വിളിച്ചു. ബാങ്ക് എക്‌സിക്യൂട്ടീവ് എന്ന് സ്വയം പരിചയപ്പെടുത്തിയയാളാണ് കോള്‍ എടുത്തത്. ഇടയ്ക്ക്് ഫോണ്‍ കട്ടായി. തുടര്‍ന്ന് അജ്ഞാത നമ്പറില്‍ നിന്ന് ബാങ്ക് ജീവനക്കാരനാണ് എന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. സഹായിക്കുന്നതിന്റെ ഭാഗമായി ഇ-മെയില്‍ പാസ് വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടു. 

പാസ് വേര്‍ഡ് നല്‍കിയതിന് ശേഷം തന്റെ അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റാവാന്‍ തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. വിവിധ ഇടപാടുകളിലായി 3.8 ലക്ഷം രൂപയാണ് നടിക്ക് നഷ്ടമായത്. ഉടനെ ഫോണില്‍ വിളിച്ച് ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇതിന് പിന്നാലെ തട്ടിപ്പുകാരന്‍ വീണ്ടും വിളിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നു.

അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് വീണ്ടും വിളിച്ചത്. അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്താല്‍ ഉടന്‍ തന്നെ പണം റീഫണ്ട് ചെയ്യാമെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ നടി പൊലീസിനെയും ബാങ്കിനെയും വിവരം അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com