പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പഠിക്കണം, മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മാമ്പഴക്കച്ചവടം; 11കാരിക്ക് 12 മാങ്ങയ്ക്ക് കിട്ടിയത് ഒന്നേകാല്‍ ലക്ഷം രൂപ, കഥയിങ്ങനെ 

ഝാര്‍ഖണ്ഡ് ജംഷേദ്പൂര്‍ സ്വദേശിനിയായ 11കാരി തുളസികുമാറിന്റെ ജീവിതത്തിലാണ് നന്മയുടെ കരങ്ങളുമായി അയാള്‍ എത്തിയത്

റാഞ്ചി: കോവിഡ് ആയതുകൊണ്ട് ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ കാലമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കാശില്ലാത്തത് മൂലം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ നിരവധി വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. പഠിക്കണമെന്ന അതിയായ ആഗ്രഹം കാരണം മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മാമ്പഴക്കച്ചവടത്തിന് ഇറങ്ങിയ പതിനൊന്നുകാരിയുടെ ജീവിതം മാറ്റിമറിച്ച കഥയാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്തെ ചര്‍ച്ചാവിഷയം. ജീവിക്കാന്‍ പ്രതീക്ഷ നല്‍കുന്ന നന്മയുടെ തുരുത്തുകള്‍ ചുറ്റിലും ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കഥ.

ഝാര്‍ഖണ്ഡ് ജംഷേദ്പൂര്‍ സ്വദേശിനിയായ 11കാരി തുളസികുമാറിന്റെ ജീവിതത്തിലാണ് നന്മയുടെ കരങ്ങളുമായി അയാള്‍ എത്തിയത്. 
പതിനൊന്നുകാരിയായ തുല്‍സികുമാറിന് പഠിക്കണം. കോവിഡ് കാരണം സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. ഓണ്‍ലൈനിലൂടെയാണ് ക്ലാസുകള്‍. സ്മാര്‍ട്ട്ഫോണില്ലാത്തതിനാല്‍ ക്ലാസുകള്‍ കാണാനോ കേള്‍ക്കാനോ തുല്‍സിയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഒരു ഫോണ്‍ വാങ്ങാന്‍ വീട്ടുകാര്‍ക്കും സാധ്യമാകുമായിരുന്നില്ല.

സ്വന്തമായി കുറച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തുല്‍സി വഴിയോരത്ത് മാമ്പഴക്കച്ചവടം ആരംഭിച്ചു. മാമ്പഴം വിറ്റ് കിട്ടുന്ന പണം കൂട്ടി വെച്ച് ഫോണ്‍ വാങ്ങാമെന്നായിരുന്നു ആ കുഞ്ഞുമനസ് കരുതിയത്. എന്നാല്‍ തുല്‍സിയ്ക്ക് അധികനാള്‍ മാമ്പഴവില്‍പന നടത്തേണ്ടി വന്നില്ല. 

തുല്‍സിയുടെ കഥ ഒരു പ്രാദേശിക ചാനലിലൂടെ അറിയാനിടയായ വാല്യുബിള്‍ എഡ്യൂടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ അമേയയാണ്  ദേവദൂതനെ പോലെ അവള്‍ക്ക് സഹായവുമായെത്തി. എന്നാല്‍ സൗജന്യമായി സഹായം നല്‍കുന്നതിന് പകരം തുല്‍സിയുടെ പക്കല്‍ നിന്ന് അദ്ദേഹം മാമ്പഴങ്ങള്‍ വാങ്ങി. ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നല്‍കി പന്ത്രണ്ടെണ്ണം അമേയ വാങ്ങി. 

1,20,000 രൂപ തുല്‍സിയുടെ അച്ഛന്‍ ശ്രീമല്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച അമേയ ട്രാന്‍സ്ഫര്‍ ചെയ്തു. സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാതരത്തിലാണ് തുല്‍സി ഇപ്പോള്‍ പഠിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com