ഇവിടെ സെല്‍ഫി എടുക്കുന്നതു ക്രിമിനല്‍ കുറ്റം! ഉത്തരവുമായി ജില്ലാ ഭരണകൂടം

ഇവിടെ സെല്‍ഫി എടുക്കുന്നതു ക്രിമിനല്‍ കുറ്റം! ഉത്തരവുമായി ജില്ലാ ഭരണകൂടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


അഹമ്മദാബാദ്: സെല്‍ഫി എടുക്കുന്നതു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച് ഗുജറാത്തിലെ ഡാങ് ജില്ല. സെല്‍ഫികള്‍ മൂലമുള്ള അപകടങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.

തെക്കന്‍ ഗുജറാത്തിലെ ഡാങ് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. മണ്‍സൂണ്‍ കാലത്ത് സപൂതര ഹില്‍ സ്റ്റേഷനിലും സമീപത്തെ വെള്ളച്ചാട്ടങ്ങളിലുമായി ഇവിടെ ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഇവിടേക്ക് ആളുകള്‍ എത്തിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് ജില്ലാ അധികൃതരുടെ തീരുമാനം.

സെല്‍ഫി എടുക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ക്രിമിനല്‍ കുറ്റത്തിനു നടപടിയെടുക്കുമെന്ന് അഡീഷനല്‍ കലക്ടര്‍ ടിഡി ദാമോര്‍ പറഞ്ഞു. ഡാങ്ങില്‍ ഇത്തരം നിയന്ത്രണം രണ്ടോ മൂന്നോ വര്‍ഷമായി ഉള്ളതാണെന്ന് കലക്ടര്‍ പറഞ്ഞു. ഇപ്പോള്‍ അതു പുതുക്കി വിജ്ഞാപനം ഇറക്കുകയാണ് ചെയ്തിട്ടുള്ളത്. സമീപ വര്‍ഷങ്ങളില്‍ സെല്‍ഫി അപകടങ്ങള്‍ മൂലം ഒട്ടേറെ പേര്‍ക്കു ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്കു പരിക്കു പറ്റുകയും ചെയ്‌തെന്ന് ദാമോര്‍ പറഞ്ഞു.

മികച്ച സെല്‍ഫി എടുക്കാനുള്ള ശ്രമത്തില്‍ ചെറുപ്പക്കാര്‍ എന്താണ് ചെയ്യുക എന്നു പറയാനാവില്ല. കൊക്കകളില്‍ വീണും വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയുമൊക്കെയാണ് അപകടങ്ങളുണ്ടായത്. സെല്‍ഫി എടുക്കുന്നതു വിലക്കിക്കൊണ്ട് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് അഡീഷനല്‍ കലക്ടര്‍ അറിയിച്ചു. 

യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ കണക്കു പ്രകാരം ലോകത്ത് കൂടുതല്‍ സെല്‍ഫി അപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റഷ്യ, യുഎസ്, പാകിസ്ഥാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com