ഒരു മാസം മുന്‍പ് കുടുംബത്തെ ഒന്നടങ്കം കാണാതായി, അഞ്ചുപേരുടെ മൃതദേഹം പത്തടി താഴ്ചയില്‍ കുഴിച്ചിട്ട നിലയില്‍; കാമുകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 10:54 AM  |  

Last Updated: 30th June 2021 10:54 AM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍:  മധ്യപ്രദേശില്‍ ഒരു മാസം മുന്‍പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൃഷിയിടത്തില്‍ 10 അടി ആഴത്തില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ചുപേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബവുമായി അടുത്തബന്ധം ഉണ്ടായിരുന്ന അയല്‍വാസി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദേവാസ് ജില്ലയില്‍ മെയ് 13 മുതലാണ് 45 വയസുള്ള അമ്മയെയും രണ്ടു പെണ്‍മക്കളെയും 15ഉം 14ഉം വയസുള്ള രണ്ടു ബന്ധുക്കളെയും കാണാതായത്. മറ്റു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഒരു കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയതായുള്ള വിവരം പൊലീസിന് ലഭിച്ചത്. വീടുമായി അടുപ്പമുള്ള അയല്‍വാസി സുരേന്ദ്ര ചൗഹാനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൂട്ടാളികളുടെ സഹായത്തോടെയായിരുന്നു ചൗഹാന്‍ അഞ്ചുപേരെ കൊലപ്പെടുത്തിയത്. 

45 വയസുള്ള മമതയുടെ മകളായ കൊല്ലപ്പെട്ട രൂപാലിയുടെ ഐഡിയില്‍ നിന്ന് സോഷ്യല്‍മീഡിയയില്‍ മെസേജുകള്‍ പങ്കുവെച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. രൂപാലിയുടെ ഇഷ്ടപ്രകാരം വിവാഹം കഴിച്ചുവെന്നും കുടുംബം ഒന്നടങ്കം അവരുടെ കൂടെ ഉണ്ട് എന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. രൂപാലിയുടെ കോള്‍ വിവരങ്ങള്‍ പരിശോധിച്ച പൊലീസ് സുരേന്ദ്ര ചൗഹാനുമായി 21കാരിക്ക് അടുത്ത ബന്ധമുള്ളതായി കണ്ടെത്തി. ചൗഹാനെ പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ രൂപാലിയുമായുള്ള ബന്ധം മറയ്ക്കാനാണ് ശ്രമിച്ചത്. പൊലീസ് വിശദമായി അന്വേഷിച്ചപ്പോള്‍ കുടുംബത്തെ ഒന്നടങ്കം കാണാതായ ദിവസം അഞ്ചുപേരുമായി സുരേന്ദ്ര ചൗഹാന്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 

കൃഷിയിടത്തിലാണ് ഇവരെ മറവുചെയ്തത്. കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹങ്ങള്‍ പത്തടി താഴ്ചയിലുള്ള കുഴിയിലിട്ട് മൂടുകയായിരുന്നു. മൃതദേഹങ്ങള്‍ എളുപ്പം അഴുകാന്‍ ഉപ്പും യൂറിയയും കൊണ്ട് മൂടിയ ശേഷമാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് പൊലീസ് പറയുന്നു.സുരേന്ദ്ര ചൗഹാന്‍ രൂപാലിയുമായി ഇഷ്ടത്തിലായിരുന്നു. എന്നാല്‍ സുരേന്ദ്ര ചൗഹാന്‍ മറ്റൊരു യുവതിയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ് രൂപാലി സുരേന്ദ്രയുടെ പ്രതിശ്രുത വധുവിന്റെ ചിത്രം നമ്പര്‍ സഹിതം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഇതില്‍ കുപിതനായ സുരേന്ദ്ര ചൗഹാന്‍ എല്ലാവരെയും ഇല്ലായ്മ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധുവായ 14കാരനെ വിശ്വാസത്തിലെടുത്ത് എല്ലാവരെയും കൃത്യം നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം സുരേന്ദ്ര ചൗഹാന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.